ബെംഗളൂരു: യുവാവിന്റെ മുങ്ങിമരണം ലവ് ജിഹാദാണെന്നാരോപിച്ച് നടന്ന വര്‍ഗീയ കലാപങ്ങളില്‍ ബി.ജെ.പി നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. നിലവിലെ കര്‍ണാടക സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡേ കഗേരി ഉള്‍പ്പെടെ 112 പേര്‍ക്കെതിരായ കേസുകളാണ് പിന്‍വലിച്ചത്. തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
കര്‍ണാടകയിലെ ഹൊന്നാവാറില്‍ 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. പരേഷ് മിസ്ത എന്ന യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ നിന്നും കണ്ടെടുത്തതിന് പിന്നാലെ മിസ്തയെ കൊലപ്പെടുത്തിയത് മുസ്‌ലിങ്ങളാണെന്നാരോപിച്ചായിരുന്നു ബി.ജെ.പി ആക്രമണം അഴിച്ചുവിട്ടത്.
ഹൊന്നാവാര്‍ ടൗണില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെതുടര്‍ന്ന് എത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയതായിരുന്നു മിസ്ത. പിന്നീട് ഇദ്ദേഹത്തെ കാണാതായി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മിസ്തയുടെ മൃതദേഹം ഷെട്ടികെരെ തടാകത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തത്.
ഇതിന് പിന്നാലെ എം.പിയും നിലവില്‍ കേന്ദ്ര മന്ത്രിയുമായ ശോഭ കരന്ത്‌ലജെയുടെ നേതൃത്വത്തില്‍ തീവ്ര ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങളുള്‍പ്പെടെ കത്തിച്ചു. പൊലീസുകാരുള്‍പ്പെടെ ഏഴു പേര്‍ക്ക് അന്നത്തെ ആക്രമണത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന് പിന്നാലെ സിദ്ധരാമയ്യ സര്‍ക്കാര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡേ കഗേരിക്കും ബജ്‌റംഗ്ദള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു.
കേസ് 2022ല്‍ സി.ബി.ഐ ഏറ്റെടുത്തിരുന്നു. ഒക്ടോബറില്‍ കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ മിസ്തയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന ഒന്നും പോസ്റ്റ്മാര്‍ട്ടത്തില്‍ നിന്നും കണ്ടെത്താനായില്ലെന്നും മിസ്തയുടേത് അപകടമരണമാണെന്നുമായിരുന്നു പരാമര്‍ശം.
മിസ്തയെ കൊലപ്പെടുത്തിയത് മുസ്‌ലിം സംഘമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും ശിവജിയെ പച്ചകുത്തിയ ഭാഗം ചുരണ്ടിയെടുത്തെന്നുമായിരുന്നു അന്ന് സംഘപരിവാറിന്റെ ആരോപണം. മിസ്തയുടെ ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ച നിലയിലായിരുന്നുവെന്നും ഹിന്ദുത്വവാദികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പി ഉപയോഗിച്ചതും ഇതേ കേസായിരുന്നു.
Content Highlight: 2017 love jihad case; Cases against 112 people including bjp leaders dismissed says karnataka government