| Saturday, 2nd April 2022, 1:59 pm

2011ല്‍ ലോകകപ്പ് നേടിത്തന്ന താരങ്ങള്‍ ഇന്നെവിടെയാണ്?

സ്പോര്‍ട്സ് ഡെസ്‌ക്

1983ല്‍ ക്ലൈവ് ലോയ്ഡിന്റയും വിവിയന്‍ റിച്ചാര്‍ഡ്‌സിന്റയും കരുത്തരായ കരീബിയന്‍ പടയെ മുട്ടുകുത്തിച്ചാണ് കപിലിന്റെ ചെകുത്താന്‍മാര്‍ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടത്. തുടര്‍ന്ന് നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 2011ല്‍ ധോണിപ്പട ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് ഇന്ത്യയ്ക്ക് നേടി തന്നത്.

ബാറ്റര്‍മാരും ബൗളര്‍മാരും ഓള്‍റൗണ്ടര്‍മാരും അടങ്ങുന്ന സ്വപ്‌ന സ്‌ക്വാഡായിരുന്നു ഇന്ത്യയുടേത്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ശ്രീലങ്കയുടെ 275 റണ്‍സ് ചെയ്‌സ് ചെയ്ത് വിജയകിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അവര്‍ ചരിത്രത്തിലേക്കായിരുന്നു നടന്നുകയറിയത്.

ലോകകപ്പ് നേടി 11 വര്‍ഷം പിന്നിടുമ്പോള്‍ അന്ന് ടീമിന്റെ ഭാഗമായിരുന്ന താരങ്ങള്‍ ഇന്നെവിടെയാണ്…

വിരേന്ദര്‍ സേവാഗ്

ഇന്ത്യയുടെ സ്വന്തം റണ്‍മെഷീന്‍ വിരേന്ദര്‍ സേവാഗ് 2015ല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഐ.സി.സിയുടെ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെ കമന്റേറ്ററായും ക്രിക്കറ്റ് അനലിസ്റ്റായും ക്രിക്കറ്റിന്റെ മായിക ലോകത്ത് സേവാഗ് ഇന്നും സജീവമാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

2013ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മെന്ററായാണ് സച്ചിന്‍ ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്. ഇതുകൂടാതെ മറ്റ് സഹതാരങ്ങള്‍ക്കൊപ്പം ഇന്ത്യ ലെജന്‍ഡ്‌സിനായി കളിക്കാറുമുണ്ട്.

ഗൗതം ഗംഭീര്‍

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു ഗൗതം ഗംഭീര്‍. 2016ല്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച താരം നിലവില്‍ ഐ.പി.എല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററാണ്. ക്രിക്കറ്റിന് പുറമെ രാഷ്ട്രീയത്തിലും സജീവമായ താരം ദല്‍ഹി ഈസ്റ്റില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയാണ്.

വിരാട് കോഹ്‌ലി

ലോകകപ്പ് നേടിയ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ഏക താരമാണ് വിരാട്. അന്ന് വെറും പയ്യനായിരുന്ന വിരാട്, പിന്നീട് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനായി മാറുകയായിരുന്നു. ദേശീയ ടീമിന്റേയും ഐ.പി.എല്‍ ടീമിന്റേയും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങിയ വിരാട്, നിലവില്‍ ആര്‍.സി.ബിയുടെ വിശ്വസ്ഥനായ താരമാണ്.

എം.എസ് ധോണി

കപിലിന് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് ലോകകപ്പ് കൊണ്ടുവന്ന താരമാണ് ധോണി. 2020ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയെങ്കിലും അദ്ദേഹം ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തലയായി തുടരുകയാണ്. 2022 ഐ.പി.എല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി മറ്റേത് താരത്തേക്കാളും കളം നിറഞ്ഞാടുന്നത് ധോണി തന്നെയാണ്.

യുവരാജ് സിംഗ്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറായ യുവരാജ് 2011 ലോകകപ്പില്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ഗ്ലോബല്‍ ടി 20 മത്സരങ്ങളില്‍ കളിച്ചിരുന്ന യുവരാജ് നിലവില്‍ തന്റെ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

സുരേഷ് റെയ്‌ന

2011 ലോകകപ്പിലെ സ്‌പോട്‌ലൈറ്റ് സ്റ്റീലറായ റെയ്‌ന 2020ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2022 ഐ.പി.എല്ലില്‍ ഒരു ടീമും വാങ്ങാതിരുന്നതിന് പിന്നാലെ താരം കമന്റേറ്ററുടെ കുപ്പായമണിയുകയായിരുന്നു. ഇതിന് പുറമെ ഇന്ത്യയിലെ മാതൃ-കൗമാരക്കാരുടെ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഗാര്‍ഷ്യ റെയ്‌ന ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു ഓര്‍ഗനൈസേഷനും റെയ്‌ന സ്ഥാപിച്ചിട്ടുണ്ട്.

ഹര്‍ഭജന്‍ സിംഗ്

കഴിഞ്ഞ വര്‍ഷമായിരുന്നു ഭാജി ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. വിരമിച്ച ശേഷം കമന്റേറ്ററുടെ റോളിലും താരം സജീവമായിരുന്നു. ഗംഭീറിന് പിന്നാലെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കാനൊരുങ്ങുന്ന താരം എ.എ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാണ്.

സഹീര്‍ ഖാന്‍

ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഷാഹിദ് അഫ്രിദിക്കൊപ്പം ഒന്നാം സ്ഥാനക്കാരനായിരുന്ന സഹീര്‍ ഖാന്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം പാര്‍ട് ടൈം കമന്റേറ്ററായും ക്രിക്കറ്റ് എക്‌സ്‌പേര്‍ട്ടിന്റെ റോളിലും താരം ക്രിക്കറ്റ് ലോകത്ത് തുടര്‍ന്നിരുന്നു.

മുനാഫ് പട്ടേല്‍

2018ലാണ് മുനാഫ് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങുന്നത്. ഇതിന് ശേഷം ഗ്ലോബല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലും സാന്നിധ്യമറിയിച്ച താരം, നിലവില്‍ തന്റെ ബിസിനസുമായി മുന്നോട്ട് പോവുകയാണ്.

എസ്. ശ്രീശാന്ത്

2022ലാണ് ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 2013ലെ വാതുവെപ്പ് വിവാദത്തിന് ശേഷം ഏറെ നാള്‍ താരത്തിന് വിലക്ക് നേരിടേണ്ടി വന്നിരുന്നു. അതിന് ശേഷം താരത്തിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. കേരള രഞ്ജി ടീമിലെയും സാന്നിധ്യമായിരുന്ന ശ്രീശാന്ത് ഐ.പി.എല്‍ ലേലത്തില്‍ ഒരു ടീമും സ്വന്തമാക്കാതിരുന്നതോടെയാണ് വിരമിക്കുന്നതായി അറിയിച്ചത്.

ഇവരെ കൂടാതെ ആശിഷ് നെഹ്‌റ, യൂസഫ് പത്താന്‍, പീയൂഷ് ചൗള. ആര്‍. അശ്വിന്‍ എന്നിവരും ടീമിന്റെ ഭാഗമായിരുന്നു.

യൂസഫ് പത്താന്‍ 2021ല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചപ്പോള്‍ ചൗള 2022 ഐ.പി.എല്‍ മെഗാ താരലേലത്തില്‍ അണ്‍സോള്‍ഡാവുകയായിരുന്നു.

2022 ഐ.പി.എല്ലില്‍ ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി പന്തെറിയുമ്പോള്‍, ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകന്റെ കുപ്പായത്തിലാണ് നെഹ്‌റ.

Content Highlight: 2011 World Cup-winning Team India: Where are they now?

We use cookies to give you the best possible experience. Learn more