12 വര്‍ഷത്തിന് ശേഷം കോഹ്‌ലി മാത്രമായപ്പോള്‍ 4 വര്‍ഷത്തിനിപ്പുറം ബാക്കിയായത് വില്യംസണ്‍ മാത്രം; ഓര്‍മകള്‍ സമ്മാനിക്കാന്‍ 2023 ലോകകപ്പ്
ഐ.സി.സി ഏകദിന ലോകകപ്പിന്റെ ആവേശം വാനോളം ഉയരുകയാണ്. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന കായികമാമാങ്കത്തിന് 12 വര്‍ഷത്തിനിപ്പുറം ഇന്ത്യ ഒരിക്കല്‍ക്കൂടി വേദിയാവുകയാണ്.
2011ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പിലാണ് ഇന്ത്യ അവസാനമായി ലോകകിരീടം ചൂടുന്നത്. ശേഷം നടന്ന ലോകകപ്പുകളിലും ആതിഥേയ രാജ്യം തന്നെയാണ് ലോകകപ്പ് സ്വന്തമാക്കിയത്. 2015ല്‍ ഓസ്‌ട്രേലിയയും 2019ല്‍ ഇംഗ്ലണ്ടും കിരീടമണിഞ്ഞപ്പോള്‍ 2023ല്‍ കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്.
2011 ലോകകപ്പില്‍ നിന്നും 2023 ലോകകപ്പിലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളേറെയാണ്. കളിച്ച ടീം, കളിക്കേണ്ടി വന്ന സാഹചര്യങ്ങള്‍, ക്രിക്കറ്റ് ബോര്‍ഡിലെ പൊളിറ്റിക്‌സ് എല്ലാം മാറി മറിഞ്ഞപ്പോള്‍ അതില്‍ മാറാതെ നിന്നത് വിരാട് കോഹ്‌ലി മാത്രമാണ്. 2011ല്‍ ഇന്ത്യ ലോകകപ്പുയര്‍ത്തിയുപ്പോള്‍ ടീമിന്റെ ഭാഗമായ ഒരേയൊരാള്‍ മാത്രമാണ് 2023 ലോകകപ്പ് ടീമിന്റെയും ഭാഗമാകാന്‍ ഒരുങ്ങുന്നത്.
എം.എസ് ധോണി, വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോഹ്‌ലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്‌ന, യുവരാജ് സിങ്, ആര്‍. അശ്വിന്‍, പിയൂഷ് ചൗള, യൂസുഫ് പത്താന്‍, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, മുനാഫ് പട്ടേല്‍, ശ്രീശാന്ത്, പ്രവീണ്‍ കുമാര്‍ എന്നിവരായിരുന്നു 2011ലെ ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടായിരുന്നത്.
ഇതിന് സമാനമായ മറ്റൊരു കാഴ്ചക്കാണ് ക്രിക്കറ്റ് ലോകം ഒരിക്കല്‍ക്കൂടി സാക്ഷിയായത്. ന്യൂസിലാന്‍ഡിന്റെ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
ക്യാപ്റ്റനായി കെയ്ന്‍ വില്യംസണെയാണ് ന്യൂസിലാന്‍ഡ് തെരഞ്ഞെടുത്തിരിക്കുന്നത്. ഐ.പി.എല്ലിനിടെ സാരമായി പരിക്കേറ്റ വില്യംസണ്‍ ലോകകപ്പ് കളിക്കില്ല എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നൂറ് ശതമാനം ഫിറ്റല്ലെങ്കില്‍ കൂടിയും താരത്തെ സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ലോകകപ്പിനുള്ള ന്യൂസിലാന്‍ഡ് സ്‌ക്വാഡ്
കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ട്രെന്റ് ബോള്‍ട്ട്, മാര്‍ക് ചാപ്മാന്‍, ലോക്കി ഫെര്‍ഗൂസന്‍, ഡെവോണ്‍ കോണ്‍വേ, മാറ്റ് ഹെന്റി, ടോം ലാഥം (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ് നര്‍, ഇഷ് സോധി, ടിം സൗത്തി, വില്‍ യങ്.
കഴിഞ്ഞ ലോകകപ്പിലെ നായകന്‍മാരില്‍ വില്യംസണൊഴികെ മറ്റെല്ലാവരും ക്യാപ്റ്റന്‍സിയില്‍ നിന്നും സ്റ്റെപ് ഡൗണ്‍ ചെയ്യുകയോ കരിയര്‍ അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
വിരാട് കോഹ്‌ലി (ഇന്ത്യ), ഗുലാബ്ദീന്‍ നായിബ് (അഫ്ഗാനിസ്ഥാന്‍), അരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ), മഷ്‌റാഫെ മൊര്‍ത്താസ (ബംഗ്ലാദേശ്), ഓയിന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്), സര്‍ഫറാസ് അഹമ്മദ് (പാകിസ്ഥാന്‍), ഫാഫ് ഡു പ്ലെസി (സൗത്ത് ആഫ്രിക്ക), ദിമുത് കരുണരത്‌നെ (ശ്രീലങ്ക), ജേസണ്‍ ഹോള്‍ഡന്‍ (വെസ്റ്റ് ഇന്‍ഡീസ്) എന്നിവരായിരുന്നു 2019ല്‍ വില്യംസണ് പുറമെ ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ കെയ്ന്‍ വില്യംസണ്‍ ഇറങ്ങുമ്പോള്‍ ഒരു ദശാബ്ദ കാലത്തെ കിരീട വരള്‍ച്ച സ്വന്തം മണ്ണില്‍ വെച്ചുതന്നെ അവസാനിപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.
Content highlight: 2011 Indian World Cup squad and 2019 World Cup captains