| Wednesday, 11th January 2017, 10:23 am

കശ്മീരില്‍ അഫ്‌സ്പ പിന്‍വലിക്കണമെന്ന് അന്വേഷണ കമ്മീഷന്‍; 2010ല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷസേന വെടിവെച്ചത് മജിസ്‌ട്രേറ്റ് അനുമതിയില്ലാതെ

ഡൂള്‍ന്യൂസ് ഡെസ്‌ക്


തെരുവില്‍ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ സുരക്ഷാസേന മജിസ്‌ട്രേറ്റ് അനുമതി പോലുമില്ലാതെയാണ് വെടിയുതിര്‍ത്തത്. ഷോപിയാനിലും ബാരാമുല്ലയിലും അനന്ത് നാഗിലും ശ്രീനഗറിലുമെല്ലാം വെടി വെക്കാന്‍ പൊലീസ് മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയിരുന്നില്ല.  


ശ്രീനഗര്‍:  കശ്മീരിലെ അഫ്‌സ്പ (ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്), ജമ്മുകശ്മീര്‍ ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട് പോലുള്ള നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി.

2010ലെ പ്രക്ഷോഭത്തിനിടെ 120 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കാന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഒമര്‍ അബ്ദുള്ള നിയോഗിച്ച റിട്ടയേര്‍ഡ് ജസ്റ്റിസ് എം.എല്‍ കൗല്‍ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തെരുവില്‍ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ സുരക്ഷാസേന മജിസ്‌ട്രേറ്റ് അനുമതി പോലുമില്ലാതെയാണ് വെടിയുതിര്‍ത്തത്. ഷോപിയാനിലും ബാരാമുല്ലയിലും അനന്ത് നാഗിലും ശ്രീനഗറിലുമെല്ലാം വെടി വെക്കാന്‍ പൊലീസ് മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയിരുന്നില്ല.

തുഫൈല്‍ മാട്ടു

സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ പരാജയപ്പെട്ടുവെന്നും സൈനിക നടപടിക്ക് മുന്നോടിയായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്നും കമ്മീഷന്‍ പറയുന്നു.

2010 ആഗസ്റ്റില്‍ സൗറ സ്വദേശിയായ ഒമര്‍ ഖയൂം എന്ന യുവാവ് കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയില്‍ പീഡനമേറ്റിട്ടാണെന്നും ഇതിനെതിരെ കസ്റ്റഡി കൊലപാതക കേസെടുക്കണമെന്നും കമ്മീഷന്‍ പറയുന്നു.

2010ലെ സംഘര്‍ഷത്തിലേക്ക് വഴി നയിച്ച 17കാരനായതുഫൈല്‍ മാട്ടുവിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ജൂണില്‍ നിയോഗിക്കപ്പെട്ട സമിതി 320 പേജുകളിലായി കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


Read more

.

We use cookies to give you the best possible experience. Learn more