| Saturday, 23rd December 2023, 11:22 pm

ഗസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 201 ഫലസ്തീനികള്‍; ചരിത്രത്തെ ഇല്ലാതാക്കാന്‍ ഇസ്രഈല്‍ ആര്‍ക്കൈവുകളെ ലക്ഷ്യം വെക്കുന്നുവെന്ന് ഗസ മുന്‍സിപ്പാലിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീനിലെ ഇസ്രഈല്‍ ബോംബാക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 201 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. ഈ കാലയളവില്‍ ഗസയിലെ 368 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം പറഞ്ഞു.

നിലവിലെ കണക്കുകള്‍ അനുസരിച്ച് ഗസയില്‍ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയ ഫലസ്തീനികളുടെ ആകെ എണ്ണം 20,258 ആയി വര്‍ധിച്ചുവെന്നും പരിക്കേറ്റവരുടെ എണ്ണം 53,688 ആയെന്നുമാണ് വ്യക്തമാവുന്നത്.

ഇസ്രഈലിന്റെ ബോംബാക്രമണത്തെത്തുടര്‍ന്ന് ഗസ മുനമ്പില്‍ ബന്ദികളാക്കപ്പെട്ട ഇസ്രഈലി തടവുകാരുമായുള്ള ആശയ വിനിമയത്തില്‍ തടസം നേരിട്ടുവെന്ന് ഹമാസ് അറിയിച്ചു. കൂടാതെ ഇസ്രഈല്‍ നടത്തിയ റെയ്ഡില്‍ തടവുകാര്‍ കൊല്ലപ്പെട്ടതായും ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബു ഉബൈദ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഗസയുടെ പ്രാദേശിക സര്‍ക്കാര്‍ ഓഫീസിന്റെ സേവനങ്ങള്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ പൂര്‍ണമായും നിലച്ചുവെന്ന് ഔദ്യോഗിക നിലയങ്ങള്‍ അറിയിച്ചു. തുടര്‍ച്ചയായ ആക്രമണത്തിലും ഇന്ധന ലഭ്യതയുടെ കുറവിലും മുനിസിപ്പല്‍ സേവന സംവിധാനത്തിന്റെ തകര്‍ച്ച ദുഃഖത്തോടെ അറിയിക്കുന്നുവെന്ന് ഗസ മുനിസിപ്പാലിറ്റി എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ആഴ്ച നഗരത്തിലെ ഫലസ്തീന്‍ സ്‌ക്വയറില്‍ സ്ഥിതി ചെയ്യുന്ന പ്രധാന മുനിസിപ്പാലിറ്റി കെട്ടിടം ഇസ്രഈല്‍ ഷെല്ലാക്രമണത്തില്‍ നശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈന്യത്തിന്റെ ബോംബാക്രമണം 100 വര്‍ഷത്തിലേറെ പഴക്കമുള്ള ദേശീയ, നഗര രേഖകളും ആര്‍ക്കൈവുകളും നശിപ്പിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നഗരത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാനും തങ്ങളുടെ ചരിത്രത്തെയും നാഗരികതയെയും നശിപ്പിക്കാനും വേണ്ടി ഇസ്രഈല്‍ ബോധപൂര്‍വം ആര്‍ക്കൈവുകളെ ലക്ഷ്യം വെക്കുന്നതായി മുന്‍സിപ്പാലിറ്റി വിമര്‍ശിച്ചു.

Content Highlight: 201 Palestinians were killed in Gaza in the last 24 hours

We use cookies to give you the best possible experience. Learn more