| Friday, 3rd December 2021, 2:25 pm

ഗുജറാത്ത് കലാപം: സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ തീസ്ത സെതല്‍വാദ് ഗൂഢാലോചന നടത്തിയെന്ന് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരാവകാശ പ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ തീസ്ത സെതല്‍വാദിനെതിരെ ആരോപണങ്ങളുമായി ഗുജറാത്ത് സര്‍ക്കാര്‍.

ഗുജറാത്ത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ തീസ്ത 20 വര്‍ഷക്കാലത്തോളം ശ്രമം നടത്തിയെന്നാണ് സര്‍ക്കാരിന്റെ ആരോപണം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാകിയ ജഫ്രിയയുടെ ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയായിരുന്നു സര്‍ക്കാരിന്റെ ആരോപണം.

സാകിയ ജാഫ്രിക്ക് അടുത്ത ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടതിനാല്‍ തനിക്കെതിരെ ഒന്നും പറയാനില്ലെന്ന് ഗുജറാത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു. എന്നാല്‍ ഒരു വിധവയുടെ ദുരിതങ്ങളുടെ പേരില്‍ ‘മുതലെടുപ്പ്’ നടത്തുന്നതിന് പരിധിയുണ്ടെന്നും മേത്ത പറഞ്ഞു.

കലാപത്തിനിടെ വലിയ ഗൂഢാലോചന നടത്തിയെന്ന ആരോപണം സാകിയ ജാഫ്രി നല്‍കിയ ഹരജിയിലെ രണ്ടാം നമ്പര്‍ ഹരജിക്കാരിയായ തീസ്തയാണ് ഉണ്ടാക്കുന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ വാദിച്ചു.

ഏതാണ്ട് 20 വര്‍ഷമായി ഒരു സംസ്ഥാനത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്താന്‍ തീസ്ത ഒരു വലിയ ഗൂഢാലോചന നടത്തുന്നുവെന്നാണ് തനിക്ക് പറയാനുള്ളതെന്നാണ് ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരിയും സി.ടി. രവികുമാറും അടങ്ങുന്ന ബെഞ്ചിനോട് മേത്ത പറഞ്ഞത്.

ഗുജറാത്ത് കലാപത്തിന് ഇരയായവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന ആളാണ് തീസ്ത.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: 2002 riots: Larger conspiracy ‘orchestrated’ by Teesta Setalvad to defame state, Gujarat tells SC

We use cookies to give you the best possible experience. Learn more