അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ കൊലപ്പെടുത്തിയ കേസിൽ ആറുപേരെ കുറ്റമുക്തരാക്കിയ വിചാരണ കോടതി വിധി ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി.
വിചാരണ കോടതിയുടെ 2015ലെ വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. ഗോധ്ര കലാപത്തിന് പിന്നാലെയുണ്ടായ കലാപങ്ങൾക്കിടെയാണ് ഈ കൊലപാതകങ്ങൾ നടന്നത്. ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡ് എന്ന രീതിയിലുള്ള ഔദ്യോഗിക തിരിച്ചറിയൽ പ്രക്രിയ നടന്നിരുന്നില്ലെന്നും, ആറ് വർഷം കഴിഞ്ഞ ശേഷമാണ് പ്രതികളെ കോടതിയിൽ തിരിച്ചറിയുന്നതെന്നും കോടതി പറഞ്ഞു. ഇത് ഇവർക്കെതിരെ ശിക്ഷ വിധിക്കാൻ മതിയായ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ബ്രിട്ടീഷ് ഹൈക്കമ്മീഷന് പേര് വെളിപ്പെടുത്താതെ ലഭിച്ച ഫാക്‌സിനെ അടിസ്ഥാനമാക്കിയായിരുന്നു കേസിന്റെ അന്വേഷണം ആരംഭിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ഫാക്‌സിലാണ് പ്രതികളുടെ പേരുകൾ ഉണ്ടായിരുന്നത്. വ്യക്തമായ സാക്ഷികളിൽ നിന്ന് ശേഖരിച്ച വിവരമല്ലിതെന്നും കോടതി പറഞ്ഞു.
ജഡ്ജിമാരായ എ.വൈ കോഗ്‌ജേ, സമീർ ജെ. ദേവ് എന്നിവരുടെ ബെഞ്ച് പരാതിക്കാരൻ ഉൾപ്പെടെയുള്ള നിരവധി സാക്ഷികളുടെ മൊഴികൾ പരിശോധിച്ചു. തുടർന്ന് വീഡിയോ കോൺഫറൻസിൽ നടത്തിയ തിരിച്ചറിയൽ പരിശോധന വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തി. നേരത്തെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നുവെന്നും ആറ് വർഷത്തിന് ശേഷം നടത്തിയ പരിശോധനായിലാകട്ടെ, ഏറെ കാലം കഴിഞ്ഞതിനാൽ പരാതിക്കാരന് പ്രതികളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായെന്നും കോടതി പറഞ്ഞു.
കേസിന്റെ പ്രാരംഭഘട്ടത്തിൽ നൽകിയ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് പ്രതികളെ കണ്ടെത്തിയതെന്നും സാക്ഷികൾ ആദ്യം ഇവരെക്കുറിച്ച് പറഞ്ഞത് ഉയരം, വസ്ത്രധാരണം, ഏകദേശ പ്രായം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ മാത്രമായിരുന്നുവെന്നും കോടതി പറഞ്ഞു. അതിനാൽ ഈ തെളിവുകളെ അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
2002 ഫെബ്രുവരി 28നാണ് സംഭവം നടന്നത്. പരാതിക്കാരനും കുടുംബവും ആഗ്ര, ജയ്പൂർ എന്നിവിടങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം ഒരു കൂട്ടം ആളുകൾ അവരുടെ വാഹനത്തിന് നേരെ ആക്രമണം നടത്തുകയും സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തു. ഡ്രൈവറെയും യാത്രക്കാരെയും അക്രമികൾ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു. അവർ സഞ്ചരിച്ച ജീപ്പ് കത്തിച്ചു. പിന്നീട് കത്തിക്കരിഞ്ഞ വാഹനത്തിൽ നിന്ന് അസ്ഥികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.
സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി ) കൈമാറിയ നിരവധി കേസുകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ തെളിവുകൾ പരിശോധിച്ചശേഷം, ഗുജറാത്ത് ഹൈക്കോടതി പരാതിക്കാരന്റെ അപ്പീൽ തള്ളുകയും വിചാരണ കോടതിയുടെ, പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയെ ശരിവയ്ക്കുകയും ചെയ്തു.
പ്രതികൾക്കെതിരെ കൊലപാതകവും പരിക്കേൽപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിരുന്നെങ്കിലും, അവർ കുറ്റക്കാരാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് കോടതി വിധിച്ചു.
Content Highlight: 2002 Riots: Gujarat High Court Upholds 2015 Order Acquitting Six Men Accused Of Killing Three British Nationals