| Wednesday, 10th January 2018, 8:22 pm

ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസിലെ പ്രതി 16 വര്‍ഷത്തിന് ശേഷം പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസില്‍ ഒളിവില്‍ പോയ പ്രതി ആശിഷ് പാണ്ഡെയെ 16 വര്‍ഷത്തിന് ശേഷം പിടികൂടി. സംസ്ഥാനത്തെ അസ്‌ലാലി എന്ന സ്ഥലത്ത് വെച്ച് ക്രൈംബ്രാഞ്ചാണ് ആശിഷ് പാണ്ഡെയെ പിടികൂടിയത്. കേസില്‍ നാല് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

2002ല്‍ കൊലപാതകം നടന്ന് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചയുടന്‍ പാണ്ഡെയടക്കമുള്ളവര്‍ ഒളിവില്‍ പോകുകയായിരുന്നു. നരോദയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പാണ്ഡെ പിന്നീട് ഹരിദ്വാര്‍, വാപി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കച്ചവടവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസിന് പാണ്ഡെയെ പിടികൂടാനായത്. ഇയാളെ കേസന്വേഷണം നടത്തുന്ന എസ്.ഐ.ടിക്ക് കൈമാറിയിട്ടുണ്ട്. ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസില്‍ 2016 ജൂണില്‍ 24 പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. 36 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

2002-ലെ ഗുജറാത്ത് കലാപസമയത്ത് അഹമ്മദാബാദിലെ ചമന്‍പുരയിലെ മുസ്‌ലിങ്ങള്‍ താമസിക്കുന്ന പ്രദേശമായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കലാപകാരികള്‍ നടത്തിയ ആക്രമണത്തില്‍ മുന്‍ കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്‌സാന്‍ ജഫ്രിയടക്കം 69 പേരാണ് കൊല്ലപ്പെട്ടിരുന്നത്.

We use cookies to give you the best possible experience. Learn more