| Wednesday, 27th October 2021, 9:02 am

ഗുജറാത്ത് കലാപക്കേസില്‍ മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി സൂക്ഷ്മമായി പരിശോധിക്കും: സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കമുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി സൂക്ഷ്മമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി.

ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആണ് ഇക്കാര്യം സൂചിപ്പിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോദിയടക്കം 64 പേര്‍ക്കാണ് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയത്. കീഴ്‌ക്കോടതി ഈ നടപടി ശരിവെക്കുകയും ചെയ്തിരുന്നു.

ഇത് രണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

2002 ഫെബ്രുവരി 28ന് കലാപത്തിനിടയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം.പി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെയും അത് അംഗീകരിച്ച മജിസ്‌ട്രേട്ട് കോടതി വിധിയിലെയും ന്യായീകരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പറഞ്ഞു.

കേസില്‍ ബുധനാഴ്ചയും വാദം തുടരും.

2012 ഫെബ്രുവരി 8ന് ആണ് അന്വേഷണ സംഘം കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയത്. നരേന്ദ്ര മോദി അടക്കം 64 പേരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

സാകിയ ജഫ്രിയ്ക്കായി കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് ഹാജരായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 2002 Gujarat riots: SC to examine SIT report that gave clean chit to PM Narendra Modi, 63 others

Latest Stories

We use cookies to give you the best possible experience. Learn more