| Thursday, 27th April 2023, 11:01 pm

സൗദി അറേബ്യയില്‍ 2000 വര്‍ഷം പഴക്കമുള്ള മിലിട്ടറി ക്യാമ്പുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ 2000 വര്‍ഷം പഴക്കമുള്ള റോമന്‍ കാലഘട്ടത്തിലുള്ള മിലിട്ടറി ക്യാമ്പുകള്‍ കണ്ടെത്തിയതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകരാണ് ഗൂഗിള്‍ ഏര്‍ത്ത് ഉപയോഗിച്ച് ക്യാമ്പുകള്‍ കണ്ടെത്തിയത്.

കണ്ടെത്തലിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പിയര്‍ റിവ്യൂഡ് പഠനം ആന്റിക്വിറ്റി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം രണ്ടാം നൂറ്റാണ്ടില്‍ തെക്കുകിഴക്കന്‍ ജോര്‍ദാനിലൂടെ സൗദി അറേബ്യയിലേക്ക് റോമന്‍ യുദ്ധം നടത്തിയതിന്റെ തെളിവാണ് ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്.

ഓരോ വശത്തും എതിര്‍ പ്രവേശന കവാടങ്ങളോട് കൂടിയുള്ള ആകൃതിയിലാണ് ക്യാമ്പുകള്‍ നിര്‍മിച്ചതെന്നും ഇവ നിര്‍മിച്ചത് റോമന്‍ സൈന്യമാണെന്ന് ഉറപ്പുണ്ടെന്നും ഗവേഷകനായ ഡോ. മൈക്കല്‍ ഫ്രാഡ്‌ലി പറഞ്ഞതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പരസ്പരം അകന്ന് 37-44 കി.മീ അകലെയാണ് ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നത്. അതായത് നടന്ന് കൊണ്ട് ഒരു ദിവസം മറികടക്കാന്‍ കഴിയാത്ത ദൂരമാണിതെന്നും അതിനാല്‍ ഒട്ടകങ്ങളെ ഉപയോഗിച്ചാവാം പട്ടാളക്കാര്‍ സഞ്ചരിച്ചതെന്നും ഗവേഷണത്തില്‍ പറയുന്നുണ്ട്.

ഒരു താത്കാലിക പ്രതിരോധ കേന്ദ്രമെന്ന നിലയിലാകാം ക്യാമ്പ് നിര്‍മിച്ചതെന്ന് ഗവേഷകര്‍ പറഞ്ഞതായി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

CONTENT HIGHLIGHT: 2000 year old military camps have been found in Saudi Arabia

We use cookies to give you the best possible experience. Learn more