national news
2000 രൂപ നോട്ടുകള്‍ തിരിച്ചെത്തുന്നു; 98ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 05, 12:57 pm
Tuesday, 5th November 2024, 6:27 pm

ന്യൂദല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തുന്നതായി റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപയുടെ 98 ശതമാനത്തിലധികം നോട്ടുകള്‍ തിരിച്ചെത്തിയെന്നും ആര്‍.ബി.ഐ അറിയിച്ചു.

2023 മെയ് 19 വരെയായിരുന്നു 2000ത്തിന്റെ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നത്. 2000 രൂപയുടെ 98.4 ശതമാനവും നിലവില്‍ തിരിച്ചെത്തിയെന്നും അറിയിച്ച ആര്‍.ബി.ഐ ബാങ്കിങ് സംവിധാനത്തിന് പുറത്തുള്ള നോട്ടുകളുടെ ആകെ മൂല്യം 6970 കോടി രൂപയായി കുറഞ്ഞുവെന്നും പറഞ്ഞു.

2023 മെയിലായിരുന്നു 2000ത്തിന്റെ നോട്ടുകളെ ആര്‍.ബി.ഐ പിന്‍വലിച്ചതായി അറിയിച്ചത്. പിന്നാലെ നോട്ടിന്റെ വ്യാപാരം അവസാനിച്ചതോടെ മൂല്യം 3.56 ലക്ഷം കോടി രൂപയാവുകയുമായിരുന്നു.

2000 രൂപ നോട്ടുകള്‍ മാറ്റുന്നതിന് റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിലും ലഭ്യമാണെന്നും ആര്‍.ബി.ഐ അറിയിക്കുന്നുണ്ട്. 2023 ഒക്ടോബര്‍ ഒമ്പത് മുതല്‍ ആര്‍.ബി.ഐ ഇഷ്യൂ ഓഫീസുകളില്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുന്നത് തുടരുമെന്നും ആര്‍.ബി.ഐ പറയുന്നു.

ബാങ്ക് അക്കൗണ്ടുകള്‍ കൂടാതെ രാജ്യത്തെ ഏത് തപാല്‍ ഓഫീസില്‍ നിന്നും ഏതെങ്കിലും അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ആര്‍.ബി.ഐ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

പ്രചാരത്തിലുണ്ടായിരുന്ന 500,1000 നോട്ടുകള്‍ നിയമപരമായി 2016ല്‍ പിന്‍വലിച്ചതോടെ സമ്പദ് വ്യവസ്ഥയുടെ കറന്‍സി ആവശ്യകത നിറവേറ്റുക എന്ന ഉദ്ദേശത്തോടെയാണ് 2000 ത്തിന്റെ നോട്ടുകള്‍ അവതരിപ്പിക്കുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) ‘ക്ലീന്‍ നോട്ട് പോളിസി’ അനുസരിച്ചാണ് 2000 രൂപ മൂല്യമുള്ള നോട്ട് പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് പിന്‍വലിക്കല്‍ സമയത്ത് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. ആര്‍.ബി.ഐയുടെ ക്ലീന്‍ നോട്ട് നയം പൊതുജനങ്ങള്‍ക്ക് നല്ല നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു ആര്‍.ബി.ഐ പറഞ്ഞത്.

Content Highlight: 2000 rupees notes are coming back; RBI says that 98 percent of the notes have been returned