2000രൂപയുടെ വ്യാജനോട്ട് എങ്ങനെയുണ്ടാക്കാം? അറസ്റ്റിലായ ബംഗളുരുവിലെ യുവാക്കള്‍ ചെയ്തത്
Daily News
2000രൂപയുടെ വ്യാജനോട്ട് എങ്ങനെയുണ്ടാക്കാം? അറസ്റ്റിലായ ബംഗളുരുവിലെ യുവാക്കള്‍ ചെയ്തത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd December 2016, 10:08 am

2000


2000ത്തിന് പച്ചനിറത്തിലുള്ള തിളക്കം നല്‍കാന്‍ ഗ്ലിറ്റര്‍ പെന്നുകള്‍ ഉപയോഗിച്ചു.


ബംഗളുരു: 2000രൂപയുടെ വ്യാജനോട്ടുകള്‍ നിര്‍മ്മിച്ചതിന് ബംഗളുരുവില്‍ നാലുപേര്‍ അറസ്റ്റില്‍. ശശാങ്ക്, മധുകുമാര്‍, കിരണ്‍ കുമാര്‍, നാഗരാജ് എന്നിവരെയാണ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തത്.

ഫോട്ടോസ്റ്റാറ്റ് മെഷീനും ഗ്ലിറ്റര്‍ പെന്നും ഉപയോഗിച്ചാണ് ഇവര്‍ വ്യാജനോട്ടുകള്‍ നിര്‍മ്മിച്ചത്. എട്ട് മദ്യശാലകളില്‍ ഇവര്‍ ഈ നോട്ടുകള്‍ വിജയകരമായി ഉപയോഗിക്കുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇവര്‍ വ്യാജനോട്ടുകള്‍ നിര്‍മ്മിചചു തുടങ്ങിയത്. സുഹൃത്തിന്റെ കടയിലെ ഫോട്ടോകോപ്പി മെഷീന്‍ ഉപയോഗിച്ച് 2000രൂപയുടെ ഫോട്ടോകോപ്പിയെടുത്തു.


Also Read: കോളേജ് അധ്യാപകനെതിരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതി നല്‍കിയ ആദിവാസി വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍


“ശശാങ്കും, മധുകുമാറും അവരുടെ സുഹൃത്തിന്റെ ഫോട്ടോകോപ്പി മെഷീനില്‍ നിന്നും 2000രൂപയുടെ നോട്ടുകളുടെ കോപ്പിയെടുത്തു. പിന്നീട് അത് കൃത്യസൈസില്‍ വെട്ടിയെടുത്തു. 2000ത്തിന് പച്ചനിറത്തിലുള്ള തിളക്കം നല്‍കാന്‍ ഗ്ലിറ്റര്‍ പെന്നുകള്‍ ഉപയോഗിച്ചു.” വ്യാജനോട്ടുകള്‍ നിര്‍മ്മിച്ച രീതി സംബന്ധിച്ച് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

കിരണ്‍കുമാറും, നാഗരാജും മറ്റുള്ളവരെ പദ്ധതി നടപ്പിലാക്കാന്‍ സഹായിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ നോട്ടുകള്‍ കണ്ട് ഒരു കടയുടമയ്ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇവര്‍ പിടിക്കപ്പെട്ടത്.

” ഇവര്‍ നല്‍കിയ എട്ട് വ്യാജനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഇവര്‍ വിതരണം ചെയ്ത 25 നോട്ടുകളും പിടിച്ചെടുക്കും.” പൊലീസ് അറിയിച്ചു.


Don”t Miss: മോദിക്കെതിരെ സുപ്രീംകോടതി കേസെടുക്കണം: കെജ്‌രിവാള്‍


ഇവര്‍ നല്‍കിയ നോട്ടുകള്‍ വ്യാജമാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയില്ലെന്ന് പൊലീസും സമ്മതിക്കുന്നു.

” ഒറ്റനോട്ടത്തില്‍ ഈ നോട്ടുകള്‍ വ്യാജമാണെന്ന് പറയില്ല. പേപ്പര്‍ പരിശോധിച്ചാലേ വ്യത്യാസം മനസിലാവൂ. മറ്റു സുരക്ഷാ ക്രമീകരണങ്ങളും അറിയാമെങ്കില്‍ ഇവ തിരിച്ചറിയാം.” അദ്ദേഹം പറഞ്ഞു.