| Monday, 14th March 2022, 2:55 pm

ലോകസമാധാനത്തിന് 2 കോടി ജനങ്ങളുടെ സമാധാനം കളയാന്‍ 2000 കോടി; കേരളത്തിലെ പൊലീസ് ആറാടുകയാണ്: പി.സി. വിഷ്ണുനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോകസമാധാനത്തിന് വേണ്ടി 2 കോടിയും ജനങ്ങളുടെ സമാധാനം കളയാന്‍ 2000 കോടിയുമെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് വിഷ്ണുനാഥ് ഇക്കാര്യം പറഞ്ഞത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പോരാടുന്ന വീട്ടമ്മമാരുടെ വിജയം കൂടിയാണ് ഈ ചര്‍ച്ചയെന്നും അത് യു.ഡി.എഫ് കൂടി നയിക്കുന്ന കേരളത്തിലെ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ വിജയമാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

‘ സഭയില്‍ ചര്‍ച്ചയില്ലെന്ന നിലപാടില്‍ നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പോരാടുന്ന വീട്ടമ്മമാരുടെ വിജയം കൂടിയാണ് ഈ ചര്‍ച്ച. അത് യു.ഡി.എഫ് കൂടി നയിക്കുന്ന കേരളത്തിലെ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ വിജയമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ചര്‍ച്ചയേ വേണ്ട എന്ന നിലയില്‍ നിന്നുള്ള സര്‍ക്കാരിന്റെ നിലപാട് മാറ്റം പ്രതിപക്ഷത്തിന്റെ വിജയമാണ്.

സില്‍വര്‍ ലൈന്‍ സര്‍വ്വേക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ ഹീനമായി നേരിടുകയാണ് പൊലീസ്. ഫലത്തില്‍ കേരളത്തിലെ പൊലീസ് ആറാടുകയാണ്. കേരള പൊലീസല്ല ഇത് കെ ഗുണ്ടകളാണ്. കുട്ടികളുടെ കരച്ചിലിനപ്പുറം എന്ത് സാമൂഹികാഘാത പഠനമാണ് ഇവിടെ വേണ്ടത്. ജനാധിപത്യ വിരുദ്ധമായ ഫാസിസമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ ഭരണപരാജയം മറച്ചു വയ്ക്കാനുള്ള പൊങ്ങച്ച പദ്ധതിയാണിത്.

അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ത്തവരാണ് സി.പി.ഐ.എം. അടിമുടി ദുരൂഹതയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നടത്തിപ്പിലുള്ളത്. വായ്പ നല്‍കുന്ന കമ്പനിയുടെ താല്‍പര്യപ്രകാരമാണ് ബ്രോഡ്‌ഗേജ് പാത സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആക്കിയത്.

പരിസ്ഥിതിയെ സംരക്ഷിക്കുന്ന നവകേരളത്തിന്റെ ഭാഗമാണോ ഈ പദ്ധതി. സാങ്കേതികവിദ്യ തീരുമാനിക്കുന്നതില്‍ പോലും സര്‍ക്കാരിനോ റെയില്‍വേക്കോ പങ്കില്ലാത്ത ഈ പദ്ധതിയെ ഞങ്ങള്‍ എന്തിന് പിന്തുണക്കണം?

റീബില്‍ഡ് കേരളക്ക് കിട്ടിയ പണം പോലും വകമാറ്റിയ സര്‍ക്കാരാണിത്. റീ ബില്‍ഡ് കേരളക്ക് പോലും ഇന്ന് പണമില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പൊലീസ് മഞ്ഞക്കുറ്റി നടാന്‍ സംരക്ഷണം കൊടുക്കുകയാണ്. ലോകസമാധാനത്തിന് 2 കോടിയും ജനങ്ങളുടെ സമാധാനം കളയാന്‍ 2000 കോടിയും എന്ന നിലയാണ്. കമ്മീഷന്‍ അടിക്കാനുള്ള പദ്ധതിയാണ് കെ റെയില്‍. ഇവിടെ കെ റെയില്‍ വേണ്ട കേരളം മതി,’ വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു.


Content Highlights: 2000 crore to destroy the peace of 2 crore people for world peace: PC Vishnunath

We use cookies to give you the best possible experience. Learn more