ശാസ്ത്ര പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയം; അവാർഡ് നിർണയത്തിൽ മന്ത്രി ഇടപെടുന്നതിനെതിരെ കത്തെഴുതി 200 ശാസ്ത്രജ്ഞര്‍
national news
ശാസ്ത്ര പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയം; അവാർഡ് നിർണയത്തിൽ മന്ത്രി ഇടപെടുന്നതിനെതിരെ കത്തെഴുതി 200 ശാസ്ത്രജ്ഞര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2024, 9:19 am

ന്യൂദല്‍ഹി: ഉന്നത ശാസ്ത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതില്‍ അക്കാദമിക്കലല്ലാത്ത മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം. ശാസ്ത്ര വകുപ്പിന്റെ നീക്കത്തില്‍ രാജ്യത്തെ പ്രമുഖരായ 200 ശാസ്ത്രജ്ഞര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.

പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന്റെ അന്തിമ തീരുമാനം ശാസ്ത്ര-സങ്കേതിക മന്ത്രിയില്‍ നിക്ഷിപ്തമാക്കിയതിനെതിരെയാണ് കത്ത്. ഐ.ഐ.എസ്.ഇ.ആര്‍ കൊല്‍ക്കത്ത മുന്‍ ഡയറക്ടര്‍ സൗമിത്ര ബാനര്‍ജി, ഐ.യു.സി.എ.എ മുന്‍ ഡയറക്ടര്‍ നരേഷ് ദാദിച്ച്, ഗണിത ശാസ്ത്രജ്ഞന്‍ എസ്.ജി. ദാനി ഉള്‍പ്പെടെയുള്ളവരാണ് കേന്ദ്രത്തിന് കത്തെഴുതിയിരിക്കുന്നത്.

അന്തിമ തീരുമാനം വകുപ്പുതല മന്ത്രി എടുക്കുന്നത്, ശാസ്ത്ര പരിശീലനത്തിന് തുരങ്കം വെക്കുമെന്നും രാജ്യത്തിന്റെ ഗവേഷണങ്ങളെ തടസപ്പെടുത്തുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രിനിസിപ്പാള്‍ സയന്റിഫിക് അഡ്വൈസര്‍ പ്രൊഫസര്‍ അജയ് സൂദിനാണ് ശാസ്ത്രജ്ഞര്‍ കത്തെഴുതിയത്. നിലവില്‍ പ്രസ്തുത വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ എത്തുന്ന രണ്ടാമത്തെ കത്താണിത്. കഴിഞ്ഞ മാസം സമാനമായ ഒരു കത്ത് ശാസ്ത്ര-അക്കാദമിക് സൊസൈറ്റി കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നു.

പ്രിനിസിപ്പാള്‍ സയന്റിഫിക് അഡ്വൈസറുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ വിജ്ഞാന പുരസ്‌കാര സമിതി (ആര്‍.വി.പി.സി) അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുമെന്ന് പുതുതായി രൂപീകരിച്ച രാഷ്ട്രീയ വിജ്ഞാന പുരസ്‌കാരം പ്രഖ്യാപിച്ച സമയത്ത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റില്‍ ശാന്തി സ്വരൂപ് ഭട്നാഗര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പ്രശസ്തമായ ശാസ്ത്ര പുരസ്‌കാരങ്ങള്‍ക്ക് പകരമായി ജേതാക്കള്‍ക്ക് ലഭിച്ചത് രാഷ്ട്രീയ വിജ്ഞാന പുരസ്‌കാരങ്ങളാണ്.

തുടര്‍ന്ന് സമിതി പുറത്തുവിട്ട അന്തിമ പട്ടികയിലുണ്ടായിരുന്ന മൂന്ന് പേരും പിന്നീട് പിന്തള്ളപ്പെട്ടു. സുവ്രത് രാജു (ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ഭൗതികശാസ്ത്രജ്ഞന്‍), പ്രതീക് ശര്‍മ (ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഭൗതികശാസ്ത്രജ്ഞന്‍), സുമന്‍ ചക്രവര്‍ത്തി (ഖരഗ്പൂരിലെ ഐ.ഐ.ടിയിലെ എഞ്ചിനീയര്‍) എന്നിവരാണ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.

സുവ്രത് രാജു, പ്രതീക് ശര്‍മ എന്നിവരെ 2023ല്‍ യു.എ.പി.എ കേസുകളില്‍ ആരോപിതരായവരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കെതിരായ തുറന്ന കത്തുകളില്‍ ഇരുവരും ഒപ്പുവെച്ചിട്ടുണ്ടെന്നായിരുന്നു വാദം.

മന്ത്രിയുടെ വിവേചനാധികാരത്താല്‍ അര്‍ഹതയുള്ളവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന പുതിയ രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് രണ്ടാമത്തെ കത്തിലും പറയുന്നു. എന്നാല്‍ അര്‍ഹതയില്ല എന്ന് കേന്ദ്ര സര്‍ക്കാരിന് തോന്നുന്നവരെ പുരസ്‌കാരങ്ങളില്‍ നിന്നുമാത്രമല്ല പ്രമോഷന്‍, ഗ്രാന്റ്, റിക്രൂട്ട്‌മെന്റ് എന്നിവയില്‍ നിന്നും ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Content Highlight: 200 scientists have written to the center against the minister’s discretion