പ്രതിവർഷം 225 മില്യൺ യൂറോ എന്ന വമ്പൻ തുക നൽകിയാണ് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി പ്രോ ലീഗ് ക്ലബ്ബ് അൽ നസർ അവരുടെ തട്ടകത്തിലേക്കെത്തിച്ചത്.
റൊണാൾഡോയുടെ വരവോടെ ബ്രാൻഡ് മൂല്യവും ഓഹരി മൂല്യവും വർധിപ്പിക്കാൻ സാധിച്ച ക്ലബ്ബ് കൂടുതൽ യൂറോപ്യൻ താരത്തെ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ്.
ജനുവരി 22നായിരുന്നു ഇത്തിഫാഖിനെതിരെയുള്ള ക്ലബ്ബിന്റെ അരങ്ങേറ്റ മത്സരം. കളിയിൽ ഗോളടിക്കാൻ സാധിച്ചില്ലെങ്കിലും മികച്ച സ്‌കില്ലുകളും ഡ്രിബിളുകളും പുറത്തെടുത്ത് തന്റെ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കാനും ബൈസിക്കിൾ കിക്കടക്കമുള്ള ഷോട്ടുകൾ ഉതിർക്കാനും റോണോക്കായി.
മത്സരശേഷം കയ്യടികളോടെയായിരുന്നു താരത്തെ മൈതാനത്ത് നിന്നും കാണികൾ യാത്രയാക്കിയത്.
എന്നാൽ മത്സരത്തിൽ ഗോളുകളൊന്നും നേടാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് റൊണാൾഡോക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആരാധകർ.
സൗദി പ്രോ ലീഗ് ഒരു നിലവാരം കുറഞ്ഞ ലീഗാണെന്ന് വാദിക്കുന്ന ഇക്കൂട്ടർ അതിനാൽ തന്നെ മത്സരത്തിൽ ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിയാത്ത റൊണാൾഡോയുടെ കാലം കഴിഞ്ഞെന്നും അദ്ദേഹത്തിനിനി റിട്ടയർ ചെയ്ത് വിശ്രമിക്കാനുള്ള സമയം ആയിട്ടുണ്ടെന്നുമാണ് വിമർശനം ഉന്നയിക്കുന്നത്.
കൂടാതെ റൊണാൾഡോയെ ക്ലബ്ബിലേക്കെത്തിച്ചതോടെ അൽ നസറിന്റെ 200 മില്യൺ വേസ്റ്റായി പോയെന്നും ട്വിറ്ററിൽ വിമർശനമുയർന്നു.
എന്നാൽ റിയാദ് ഇലവന്റെ പി.എസ്.ജിക്കായുള്ള മത്സരത്തിൽ മികച്ച പ്രകടനമാണ് റൊണാൾഡോ പുറത്തെടുത്തത്. രണ്ട് ഗോളുകൾ അടക്കം മത്സരത്തിൽ സ്വന്തമാക്കിയ റോണോ, കളിയിലെ മികച്ച താരത്തിനുള്ള മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിനും അർഹനായിരുന്നു.
അതേസമയം ജനുവരി 26ന് അൽ-ഇത്തിഹാദിനെതിരെ ഇന്ത്യൻ സമയം രാത്രി 11:30നാണ് അൽ നസറിന്റെ അടുത്ത മത്സരം.
Content Highlights:200 million ‘waste’, ‘Ronaldo better retire’; Fans criticized Rono on Twitter