| Thursday, 12th November 2015, 10:59 am

ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാമറൂണിന് തുറന്നകത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ “വര്‍ധിച്ചുവരുന്ന അസഹിഷ്ണുത”യ്‌ക്കെതിരെയുള്ള നിലപാടുകള്‍ ശക്തമാകുന്നു. ഇന്ത്യയിലെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് 200ലധികം എഴുത്തുകാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനോട് ആവശ്യപ്പെട്ടതായി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇന്ത്യയില്‍ അഭിപ്രായപ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സല്‍മാന്‍ റുഷ്ദി, നികിത ലാല്‍വാനി, ഹെന്‍ട്രി മാര്‍ഷ്, ഇയാന്‍ മെക്ഇവന്‍, വാല്‍ മെക്‌ഡെര്‍മിഡ് തുടങ്ങിയവര്‍ കാമറൂണിന് തുറന്നകത്ത് എഴുതിയിരിക്കുകയാണ്.

പെന്‍ ഇന്റര്‍നാഷണലിന്റെ യു.കെ സെന്ററുകളിലെ അംഗങ്ങളും സപ്പോര്‍ട്ടര്‍മാരും ഈ തുറന്ന കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഭയാനക അന്തരീക്ഷത്തിനും, അസഹിഷ്ണുതയ്ക്കും, അഹിംസയ്ക്കും എതിരെ ശബ്ദമുയര്‍ത്തുന്ന ഇന്ത്യയിലെ മൗലികവാദികവാദം നേരിടുന്ന വെല്ലുവിളികളാണ് കത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഈ ഗുരുതര പ്രശ്‌നത്തില്‍ പൊതുവായും സ്വകാര്യമായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യാപൃതനാക്കണമെന്നാണ് കത്തില്‍ കാമറൂണിനോട് ആവശ്യപ്പെടുന്നത്.

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നതില്‍ എഴുത്തുകാര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. നരേന്ദ്ര ദബോല്‍ക്കര്‍, എം.എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ തുടങ്ങിയ യുക്തിവാദികള്‍ കൊല്ലപ്പെട്ട സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭീഷണിയും വിരട്ടലുകളും തുടരുമ്പോഴും പ്രതിഷേധം ശക്തമായി ഉയരുന്നുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നു.

1992നുശേഷം ഇന്ത്യയില്‍ 37 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും എഴുത്തുകാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more