കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ തടവിലാക്കപ്പെട്ട പലരും എംബസികളുടെയുടെ തങ്ങളുടെ രാഷ്ട്രത്തിന്റെയും ഇടപെടലിലൂടെ സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങുകയാണ്. എന്നാല്‍ ഖത്തറിലെ ജയിലില്‍ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നയതന്ത്ര ഇടപെടലിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. ഇവരില്‍ 13 വര്‍ഷത്തിലേറെയായി ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട തടവില്‍ കഴിയുന്ന മലയാളി സംരംഭകരുള്‍പ്പെടെയുള്ളവരുണ്ട്.
കൊവിഡ് വ്യാപനം കടുത്തതോടെ പലരും ചികിത്സ പോലും ലഭിക്കാതെ ജയിലില്‍ തുടരുകയാണ് എന്നാണ് ഇവരുടെ ബന്ധുക്കള്‍ പറയുന്നത്. 200ലേറെ മലയാളികളാണ് ഖത്തറിലെ ജയിലില്‍ നിലവില്‍ തടവില്‍ കഴിയുന്നത്. ഇവരില്‍ നാല്‍പതോളം പേര്‍ കൊവിഡ് ബാധിതരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലുകളില്‍ കൊവിഡ് പടര്‍ന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നു എന്നാണ് ഖത്തറിലെ ജയിലില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവില്‍ കഴിയുന്ന കുന്നത്തുപാലം സ്വദേശി ആര്‍.ജെ. സജിത്തിന്റെ ഭാര്യ എറീന പറയുന്നത്.
എറീനയുടെ ഭര്‍ത്താവ് സജിത്ത് 2012ലാണ് ദോഹയില്‍ ഫാഷന്‍ ഏഷ്യ എന്ന പേരില്‍ ഷോപ്പിങ്ങ് മാള്‍ തുടങ്ങിയത്. നടന്‍ മോഹന്‍ലാലായിരുന്നു മാള്‍ ഉദ്ഘാടനം ചെയ്തത്. കെട്ടിട ഉടമ ലൈസന്‍സ് ശരിയാക്കി കൊടുക്കാത്ത പ്രശ്നവുമായി ബന്ധപ്പെട്ട് മാളിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് സജിത് 2013 ജൂലായില്‍ ചെക്ക് കേസില്‍ ജയിലാകുന്നത്.
സാമ്പത്തിക തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷനിലൂടെ പരിഹരിക്കാത്തത് ഖത്തറില്‍ വലിയ തരത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടാക്കിയതെന്നും ഭര്‍ത്താവിന്റെ മോചനത്തിനായി താന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരെ കണ്ടുവെന്നും എറീന പറയുന്നു. ഫിലിപ്പൈന്‍സ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ നയതന്ത്ര ഇടപെടലിലൂടെ ഖത്തറില്‍ ക്രിമിനല്‍ കേസുകളില്‍ തടവിലാക്കപ്പെട്ടവരെ തിരികെ കൊണ്ടുവരുമ്പോള്‍ ഇന്ത്യയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും. ഇന്ത്യന്‍ എംബസി വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുന്നതില്‍ പരാജയപ്പെട്ടുവെന്നും എറീനയുടെ അച്ഛന്‍ ജനാര്‍ദനന്‍ പറയുന്നു.
എറീനയുടേത് ഒറ്റപ്പെട്ട അനുഭവമല്ല. ഇത്തരത്തില്‍ നിരവധി പേരാണ് പറ്റിക്കപ്പെട്ടും പരിഹരിക്കാന്‍ കഴിയുന്ന സാമ്പത്തിക ബാധ്യതയുടെ പേരിലും ് ഖത്തറിലെ ജയിലുകളില്‍ കഴിയുന്നത്. കാര്യക്ഷമമായ ഒരു നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ ഇവരില്‍ പലര്‍ക്കും ഈ കൊവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ തിരികെ മടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.
നിക്ഷേപകര്‍ തടവിലാക്കപ്പെട്ടതിന് പിന്നില്‍ ഖത്തറിനെ വരിഞ്ഞു മുറുക്കിയ സാമ്പത്തിക മാന്ദ്യവും പരാജയപ്പെട്ട നയതന്ത്രവും
1999ല്‍ ഇന്ത്യയും ഖത്തറും തമ്മിലുണ്ടാക്കിയ ദ്വിരാഷ്ട്ര ഉടമ്പടിയായ ബൈലാറ്ററല്‍ എഗ്രിമെന്റ് ഫോര്‍ ദി റസിപ്രോക്രല്‍ പ്രമോഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഇന്‍വെസ്റ്റ്മെന്റ് രാജ്യത്തിന്റെ വലിയ നയതന്ത്ര വിജയമായായിരുന്നു വ്യഖ്യാനിക്കപ്പെട്ടത്. ഖത്തറിലെ ഇന്ത്യന്‍ വ്യവസായികള്‍ക്ക് ഏറെ ഉപകാരപ്രദമെന്ന് നിര്‍വചിക്കപ്പട്ട ഈ ഉമ്പടിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ വലിയ തോതില്‍ ഖത്തറില്‍ നിക്ഷേപങ്ങള്‍ നടത്തി. ട്രാന്‍സ് പോര്‍ട്ട് മേഖല, നിര്‍മ്മാണ മേഖല, ഷോപ്പിങ്ങ് മാളുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മലയാളി സംരംഭകരുള്‍പ്പെടെയുള്ളവര്‍ നിക്ഷേപം നടത്തിയിരുന്നു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കടുത്ത പ്രയാസങ്ങള്‍ ഇന്ത്യന്‍ നിക്ഷേപകരും അനുഭവിക്കേണ്ടി വന്നു. എന്നാല്‍ ദ്വിരാഷ്ട്ര ഉടമ്പടിയില്‍ ഉണ്ടാക്കിയ ആര്‍ബിട്രേഷനിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ സംരംഭകരെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്തി ജയിലലടയ്ക്കുകയായിരുന്നു ഖത്തര്‍ ചെയ്തതെന്ന് ഖത്തര്‍-ഇന്ത്യന്‍ ഓണ്‍ട്രപ്ര്യൂണേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രജീഷ് തുരുത്തിയില്‍ പറയുന്നു. ഖത്തര്‍ ജയിലില്‍ അകപ്പെട്ട ഇന്ത്യന്‍ സംരംഭകരുടെ പൂര്‍ണ്ണലിസ്റ്റ് എംബസിയില്‍ സമര്‍പ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഇതിനായി ഇതുവരെ ബന്ധപ്പെടാന്‍ സാധിക്കാത്തവരുടെ കുടുംബാംഗങ്ങള്‍ 9495258372 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.