ബാഗ്ദാദ്: ഇറാഖിലെ മൊസൂള്‍ മേഖലയില്‍ നിന്നും പാലായനം ചെയ്ത 200 ക്രിസ്ത്യന്‍ കുടുംബങ്ങളെ മേഖലയിലേക്ക് തിരിച്ചെത്തിക്കുന്നു. നിലവില്‍ രാജ്യത്തെ കുര്‍ദിഷ് സേനയുടെ മേഖലയില്‍ കഴിയുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളെ ഇവരുടെ പ്രദേശത്തേക്ക് തന്നെ അയക്കുകയാണെന്നാണ് ഇറാഖ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. മൊസൂളിലെ നിനെവ പ്രദേശത്തു നിന്നും പാലായനം ചെയ്തവരെയാണ് ഇപ്പോള്‍ തിരിച്ചെത്തിക്കുന്നത്.
2014 ല്‍ ഐ.എസ് മൊസൂള്‍ പിടിച്ചടക്കിയതിനു പിന്നാലെ 12,000 ത്തോളം ക്രിസ്ത്യന്‍ മതസ്ഥര്‍ മേഖലയില്‍ നിന്നും പാലായനം ചെയ്‌തെന്നാണ് കണക്ക്.
ഞായറാഴ്ച ഇറാഖ് കുടിയേറ്റ മന്ത്രാലയം ഇറക്കിയ അറിയിപ്പില്‍ ക്യാമ്പുകളില്‍ കഴിയുന്ന 15 ദശലക്ഷം ആളുകളെ അവരുടെ യഥാര്‍ത്ഥ പ്രദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന്റെ ഭാഗമായി കിര്‍കുക്, സലാ അല്‍-ദിന്‍, അന്‍ബാന്‍ എന്നീ ഗവര്‍ണറേറ്റുകളിലെ ക്യാമ്പുകള്‍ അടച്ചുപൂട്ടുമെന്ന് പറഞ്ഞിരുന്നു.
ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ 200 ക്രിസ്ത്യന്‍ കുടുംബങ്ങളെ തിരിച്ചയക്കുന്നത്. അതേസമയം ഈ നടപടിക്കെതിരെ ചില മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.