ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവും ചര്‍ച്ചയായ സീരീസുകളിലൊന്ന്…. 20 വര്‍ഷം മുന്നേ റിലീസായ ഒരു സീരീസ്…. കാണുന്നവരെ മുഴുവന്‍ കഥാപാത്രങ്ങളിലൊരാളായി മാറ്റുന്ന സീരീസ്…. പറഞ്ഞു വരുന്നത് ലോസ്റ്റിനെക്കുറിച്ചാണ്. എ.ബി.സി സ്റ്റുഡിയോസ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഏറ്റവും മികച്ച സീരീസ്.
സര്‍വൈവല്‍, റൊമാന്‍സ്, ടൈം ട്രാവല്‍, മിസ്റ്ററി, ഹൊറര്‍, ആക്ഷന്‍ അങ്ങനെ എല്ലാ ഴോണറും ചേര്‍ന്ന മാസ്റ്റര്‍പീസ് ഐറ്റം എന്ന് ലോസ്റ്റിനെ വിശേഷിപ്പിക്കാം. ആറ് സീസണുകളിലായി 122 എപ്പിസോഡുകള്‍. കണ്ടുതുടങ്ങുന്നതിന് മുമ്പ് ഇത് എങ്ങനെ കണ്ടുതീര്‍ക്കും എന്ന ചിന്തയില്‍ തുടങ്ങുകയും പിന്നീട് ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിച്ചുപോകുന്ന ഒരു മാന്ത്രികത ലോസ്റ്റിനുണ്ട്.
സീരീസ് അവസാനിക്കുമ്പോള്‍ ആ ദ്വീപില്‍ അവരിലൊരാളായി നമ്മളും അവശേഷിക്കും. വിലപിടിച്ച എന്തോ ഒന്ന് നമ്മളില്‍ നിന്ന് നഷ്ടപ്പെട്ടതുപോലെ നമുക്ക് തോന്നും. ലോസ്റ്റ് എന്ന ടൈറ്റിലിന്റെ അര്‍ത്ഥം അപ്പോഴാകും നമുക്ക് മനസിലാവുക. ജെ.ജെ അബ്രാംസ്, ജെഫ്രി ലീബര്‍, ഡാമെന്‍ ലിന്‍ഡെലോഫ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ സീരീസിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത് 2004 സെപ്റ്റംബര്‍ 23നായിരുന്നു.
അന്നത്തെ കാലത്ത് ഒരു ബിഗ് ബജറ്റ് ഹോളിവുഡ് സിനിമ എടുക്കാന്‍ കഴിയുന്ന ബജറ്റിലാണ് ലോസ്റ്റിന്റെ പൈലറ്റ് എപ്പിസോഡ് ചിത്രീകരിച്ചത്. സിഡ്‌നിയില്‍ നിന്ന് ലോസ് ആഞ്ചലസിലേക്ക് പോകുന്ന ഓഷ്യാനിക് 815 എന്ന വിമാനം തകര്‍ന്ന് അതിലെ 43 യാത്രക്കാര്‍ ഒരു ദ്വീപില്‍ അകപ്പെടുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്.
ഓരോ കഥാപാത്രത്തെ പരിചയപ്പെടുത്തി മുന്നോട്ട് പോകുന്നതിനോടൊപ്പം ഉത്തരം കിട്ടാത്ത ചോദ്യവുമായാണ് ഒന്നാമത്തെ സീസണിലെ പല എപ്പിസോഡും അവസാനിക്കുന്നത്. അവര്‍ അകപ്പെട്ട ദ്വീപില്‍ മറ്റ് ചിലരുടെ സാന്നിധ്യവും ഉണ്ടെന്ന് മനസിലാകുമ്പോള്‍ അതെന്താണെന്ന് അറിയാനുള്ള ആകാംക്ഷ നമുക്കും ഉണ്ടാകുന്നുണ്ട്.
ഓരോ എപ്പിസോഡും ക്ലിഫ് ഹാങ്കിങ്ങായാണ് അവസാനിപ്പിക്കുന്നത്. സീരീസ് അവസാനിക്കുമ്പോള്‍, അതിലെ പല ചോദ്യത്തിനുമുള്ള ഉത്തരം കിട്ടുമ്പോള്‍, ഇതെല്ലാം എങ്ങനെ ചിന്തിച്ചുകൂട്ടി എന്നാണ് മനസില്‍ തോന്നിയത്. സീരിസ് മുന്നോട്ട് പോകുന്തോറും ഓരോ കഥാപാത്രവും നമ്മുടെ പ്രിയപ്പെട്ടവരായി മാറുന്നുണ്ട്.
ആദ്യത്തെ സീസണില്‍ വെറുപ്പ് തോന്നുന്ന സോയര്‍ എന്ന കഥാപാത്രം പിന്നീട് ഹീറോയിക് പരിവേഷം നേടുന്നുണ്ട്. ഏത് ഘട്ടത്തിലും തളരാത്ത ജാക്കും, കെയ്റ്റും, എന്തും സാധ്യമാണെന്ന് തെളിയിക്കുന്ന ജോണ്‍ ലോക്കും, ആര് വന്നാലും അവരെ എതിരിടാന്‍ കഴിയുന്ന സയീദും, അനാ ലൂസിയയും എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായ ചാര്‍ളിയും ഹ്യൂഗോയും നമ്മളെ ആ സീരീസിലേക്ക് വലിച്ചിടും.
എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ് ഡെസ്മണ്ട് ഹ്യൂം. നായകന്മാര്‍ എപ്പോഴെല്ലാം പ്രതിസന്ധിയിലാകുന്നവോ, അപ്പോഴെല്ലാം കാവല്‍ മാലാഖയെപ്പോലെ വരുന്ന ഡെസ്മണ്ട് സീരീസ് അവസാനിച്ചാലും മനസില്‍ തങ്ങിനില്‍ക്കും. ‘See you in another life brother’ എന്ന് സ്‌കോട്ടിഷ് ആക്‌സന്റില്‍ ഡെസ്മണ്ട് പറയുന്നത് കേള്‍ക്കാന്‍ തന്നെ പ്രത്യേക സുഖമാണ്.
വില്ലനായി വന്ന് ഹീറോയായി മാറിയ ബെഞ്ചമിന്‍ ലൈനസിനും പ്രത്യേക ഫാന്‍ ബെയ്‌സുണ്ട്. 2004ല്‍ തുടങ്ങി 2010 വരെ നീണ്ടുനിന്ന ലോസ്റ്റ് പലപ്പോഴും അണ്ടര്‍റേറ്റഡാണെന്ന് തോന്നിയിട്ടുണ്ട്. ഡാര്‍ക്ക്, സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്, മണി ഹീസ്റ്റ് എന്നീ സീരീസ് പോലെ വലിയ ഫാന്‍ ഫോളോയിങ് ലോസ്റ്റിനില്ല. എന്നാലും കണ്ടുതീര്‍ത്തവരുടെ മനസില്‍ മുന്‍പന്തിയില്‍ തന്നെ എന്നും ലോസ്റ്റ് നിലനില്‍ക്കും. അതിന് മുകളില്‍ മറ്റൊരു സീരിസിനും സ്ഥാനം നല്‍കാന്‍ തോന്നില്ല. ആ ദ്വീപും അവിടെയുള്ളവരും, അതിലൊരാളായി നമ്മളും… അത്രമേല്‍ മനോഹരം.
Content Highlight: 20 years of Lost series