ഇത് ചെറുത്, ഇതിലും വലുത് ഇനി എന്തൊക്കെ കിടക്കുന്നു; ഇതിഹാസം എന്ന വാക്കിന് ഒറ്റപ്പേര് മാത്രം, ആന്‍ഡ് ഹിസ് നെയിം ഈസ് ജോണ്‍ സീന
WWE
ഇത് ചെറുത്, ഇതിലും വലുത് ഇനി എന്തൊക്കെ കിടക്കുന്നു; ഇതിഹാസം എന്ന വാക്കിന് ഒറ്റപ്പേര് മാത്രം, ആന്‍ഡ് ഹിസ് നെയിം ഈസ് ജോണ്‍ സീന
ആദര്‍ശ് എം.കെ.
Thursday, 30th June 2022, 2:47 pm

പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്ത് പുതിയ ഒരുപാട് താരങ്ങളും കമ്പനികളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഓരോ കമ്പനിക്കും ലോകത്തിന് മുമ്പില്‍ അഭിമാനപൂര്‍വം അവതരിപ്പിക്കാന്‍ ഒരുപാട് താരങ്ങളും ഉണ്ടായിട്ടുണ്ട്.

ഇപ്പോള്‍ നിലനില്‍ക്കുന്നതായ വിവിധ കമ്പനികള്‍ക്ക് ക്രൗഡ് പുള്ളേഴ്‌സായ ഒരുപാട് താരങ്ങളുണ്ട്. എ.ഇ.ഡബ്ല്യൂവിന് സി.എം. പങ്ക്, ആഡം പേജ്‌, ആഡം കോള്‍, ബ്രയന്‍ ഡാന്യല്‍സണ്‍ തുടങ്ങിയ താരങ്ങളാണെങ്കില്‍ എന്‍.ജെ.പി.ഡബ്ല്യൂവിന് അത് കസൂച്ക ഓക്കാഡ, ഹിരോഷി തനഹാഷി, ജേ വൈറ്റ്, വില്‍ ഓസ്‌പ്രേ തുടങ്ങിയ താരങ്ങളാണ്.

എന്നാല്‍, ലോകത്ത് എവിടെയുമാകട്ടെ, റെസ്‌ലിങ് അരീനയിലേക്ക് ആരാധകരെ എത്തിക്കാന്‍ പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്തെ അതികായരായ ഡബ്ല്യു.ഡബ്ല്യു.ഇക്ക് അധികം താരങ്ങളൊന്നും വേണ്ട. കാര്യമായ മാച്ച് കാര്‍ഡ് ഇല്ലെങ്കിലും ജോണ്‍ സീന എന്ന ഒറ്റ പേര് മാത്രം മതി, അല്ലെങ്കില്‍ സീനയെത്തുന്നു എന്ന ഒറ്റ റൂമര്‍ മാത്രം മതി മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ പോലുള്ള ഒരു അരീന ആരാധകരെ കൊണ്ട് നിറയാന്‍.

ഏതൊരു പ്രൊഫഷണല്‍ റെസ്‌ലിങ് താരത്തിന്റെ കടുത്ത ആരാധകനോ ആവട്ടെ, ഏതൊരു കമ്പനിയുടെ ആരാധകനോ ആവട്ടെ, ജോണ്‍ സീന എന്നുകേട്ടാല്‍ ആവേശം കൊള്ളാത്ത ഒരാള്‍ പോലും ഉണ്ടാവില്ല. അതാണ് ജോണ്‍ സീന.

റെസ്‌ലിങ് അധികം ഫോളോ ചെയ്യാത്ത ആളുകള്‍ക്ക് പോലും ജോണ്‍ സീന എന്ന പേര് ഒരു പക്ഷേ സുപരിചിതവുമായിരിക്കും.

കുറച്ചു കാലം മുമ്പ് മാത്രം റെസ്‌ലിങ് കണ്ടുതുടങ്ങിയ, റോമന്‍ റെയ്ന്‍സിനെ തലൈവരായി കൊണ്ടുനടക്കുന്ന ഒരാള്‍ക്കുപോലും സീനയെ അംഗീകരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഒരു കാലത്ത് ഡബ്ല്യു.ഡബ്ല്യു.ഇയെ മുന്നോട്ട് കൊണ്ടുപായത് സീനയുടെ ‘ആറ്റിറ്റിയൂഡ് അഡ്ജസ്റ്റ്‌മെന്റ്’ മാത്രമായിരുന്നു. ഫേസ് ദാറ്റ് റണ്‍സ് ദി പ്ലേസ് എന്ന് വെറുതെയല്ല സീനയെ വിളിക്കുന്നത്.

2002ല്‍ ഇന്‍ റിങ് ഡെബ്യൂ നടത്തിയ ജോണ്‍ സീനയുടെ ഐതിഹാസികമായ കരിയറിന് 20 വര്‍ഷം തികയുകയാണ്. ഇക്കാലയളവില്‍ ഇയാള്‍ ചെയ്യാത്തതായി ഒന്നും തന്നെ പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്ത് ഉണ്ടാവില്ല.

എത്രയോ പേ പെര്‍ വ്യൂകളില്‍ മെയ്ന്‍ ഇവന്ററായി, എത്രയോ ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കി, എല്ലാത്തിലുമുപരി മെയ്ക്ക് എ വിഷിലൂടെ ആയിരക്കണക്കിന് കുട്ടികളുടെ ആഗ്രഹം സാധ്യമാക്കി. യഥാര്‍ത്ഥത്തില്‍ സീന ഒരു സൂപ്പര്‍ ഹീറോ തന്നെ ആയിരുന്നു.

2002ല്‍ കേര്‍ട്ട് ആങ്കിളിന്റെ ഓപ്പണ്‍ ചാലഞ്ച് ആന്‍സര്‍ ചെയ്തുകൊണ്ട് റിങിലെത്തിയ സീനയിലൂടെയായിരുന്നു റൂത്ത്‌ലെസ് അഗ്രഷന്‍ എറ തുടങ്ങിയത് എന്ന് പറഞ്ഞാല്‍ പോലും അധികമാവില്ല.

ശേഷം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ചാമ്പ്യന്‍ ഷിപ്പില്‍ ബിഗ് ഷോയെ തോല്‍പിച്ച് ആദ്യ ടൈറ്റില്‍ സ്വന്തമാക്കിയ ജോണ്‍ സീന ആ കുതിപ്പ് തുടര്‍ന്നു. അതിന് ശേഷം വ്യത്യസ്ത സമയങ്ങളിലായി അഞ്ച് തവണയാണ് സീന യു.എസ് ചാമ്പ്യനായത്.

ഡബ്ല്യു.ഡബ്ല്യു.ഇയുടെ ഏറ്റവും വലിയ പേ പെര്‍ വ്യൂ ആയ റെസില്‍ മാനിയയിലാണ് സീന ആദ്യമായി വേള്‍ഡ് ചാമ്പ്യനാവുന്നത്. റെസില്‍ മാനിയ 21ല്‍ ജെ.ബി.എല്ലായിരുന്നു താരത്തിന്റെ എതിരാളി. കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തില്‍ ജെ.ബി.എല്ലിനെ സ്ഥാനഭൃഷ്ടനാക്കി ഡബ്ല്യു.ഡബ്ല്യു.ഇയുടെ അധിപനായി താരം മാറുകയായിരുന്നു.

പിന്നീട് 16 തവണയാണ് താരം ഡബ്ല്യു.ഡബ്ല്യു.ഇ വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യനായത്. 2006ല്‍ ‘അണ്‍ഫൊര്‍ഗിവണി’ല്‍ ‘ടി.എല്‍.സി’ മാച്ചില്‍ എഡ്ജിനെ തോല്‍പിച്ചതും, 2009 ‘ബ്രേക്കിങ് പോയിന്റി’ല്‍ റാന്‍ഡി ഓര്‍ട്ടണെതിരെയുള്ള ‘ഐ ക്വിറ്റ്’ മാച്ചും അതേ വര്‍ഷം ‘ബ്രാഗിങ് റൈറ്റ്‌സി’ല്‍ ഓര്‍ട്ടണെതിരെയുള്ള ‘അയേണ്‍ മാന്‍ മാച്ചു’മടക്കം സ്റ്റാര്‍ റേറ്റിങിന് പോലും സാധിക്കാത്ത എത്രയെത്ര മാച്ചുകള്‍…

16 തവണയാണ് സീന ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യന്‍ഷിപ്പിന് ഉടമയായത്. ഏറ്റവുമധികം തവണ ചാമ്പ്യനായതും സീന തന്നെ (റിക് ഫ്‌ളെയറിനൊപ്പം ടൈ).

20 വര്‍ഷത്തെ കരിയറില്‍ താരം നേടാത്ത നേട്ടങ്ങള്‍ ഒന്നും തന്നെയില്ല.

13 തവണ ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യന്‍, 3 തവണ വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍, 5 വട്ടം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യന്‍,ഫോര്‍ ടൈംസ് ടാഗ് ടീം ചാമ്പ്യന്‍, രണ്ട് തവണ റോയല്‍ റംബിള്‍ വിജയി, ഒരു പ്രാവശ്യം മിസ്റ്റര്‍ മണി ഇന്‍ ദി ബാങ്ക്, മള്‍ട്ടിപ്പിള്‍ ടൈം സൂപ്പര്‍ സ്റ്റാര്‍ ഓഫ് ദി ഇയര്‍ സ്ലാമി അവാര്‍ഡ് വിന്നര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ് സീന സ്വന്തമാക്കിയത്.

റെസ്‌ലിങ്ങിന് പുറമെ സിനിമയിലും കൈവെച്ച സീന തിരക്കുള്ള നടന്‍ കൂടിയാണ്.

റിങ്ങില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും ഡബ്ല്യു.ഡബ്ല്യു.ഇക്ക് ആവശ്യമുള്ളപ്പോഴെല്ലാം തന്നെ സീന അവതരിച്ചിട്ടുണ്ട്. എപ്പോഴെല്ലാം തങ്ങളുടെ റേറ്റിങ് കുറയുന്നതായി ‘മക്കു മാമന്’ തോന്നിയിട്ടുണ്ടോ, എപ്പോഴെല്ലാം റൈവല്‍ കമ്പനികള്‍ക്ക് അപ്പര്‍ ഹാന്‍ഡ് കിട്ടാന്‍ പോകുമെന്ന് ഡബ്ല്യു.ഡബ്ല്യു.ഇക്ക് തോന്നുന്നുവോ അപ്പോഴെല്ലാം വീണുപോയ റേറ്റിങ് തിരികെയെത്തിക്കാന്‍ സീന അവതരിച്ചിട്ടുണ്ട്.

2021 മണി ഇന്‍ ദി ബാങ്കില്‍ വീണ്ടും റിങ്ങിലേക്കെത്തിയത് അക്കാരണത്താല്‍ മാത്രമാണ്. കാരണം ഹി ഈസ് ദി സേവ്യര്‍, ഹി ഈസ് ദി ലെജന്‍ഡ് ആന്‍ഡ് ഹി ഈസ് ദി വണ്‍ ആന്‍ഡ് ഓണ്‍ലി ചാമ്പ്യന്‍.

സീന ഒരിക്കല്‍ക്കൂടി ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യനാവണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. അത് സംഭവിക്കുമെന്ന് തന്നെയാണ് അവര്‍ വിശ്വസിക്കുന്നതും. കാരണം എതിരാളികള്‍ ശക്തിയാര്‍ജിക്കുമ്പോള്‍, ‘ഫോര്‍ബിഡന്‍ ഡോര്‍’ പോലുള്ള കമ്പയ്ന്‍ഡ് പേ പെര്‍ വ്യൂവുമായി ‘എ.ഇ.ഡബ്ല്യു – എന്‍.ജെ.പി.ഡബ്ല്യു’ ദ്വയം എത്തുമ്പോള്‍ ദൂരെ നിന്നും അവര്‍ക്ക് കേള്‍ക്കാം…. ദി ചാംപ് ഈസ് ഹിയര്‍…..

Content highlights:  20 years of John Cena

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.