മോസ്‌കോ: റഷ്യന്‍ അധീനതയിലുള്ള ക്രിമിയന്‍ പെനിന്‍സുലെയില്‍ ഉക്രൈന്റെ 20 ഡ്രോണുകള്‍ നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. ശനിയാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍ ആളപായമോ കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.
14 ഡ്രോണുകള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചും ആറെണ്ണം ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചുമാണ് നശിപ്പിച്ചത്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം വ്യക്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉക്രൈന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മോസ്‌കോയില്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഉക്രൈന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. പെനിന്‍സുലയിലെ വിവിധയിടങ്ങളില്‍ വ്യോമാക്രമണങ്ങള്‍ ചെറുക്കുന്നതിനായി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്രിമിയ ഗവര്‍ണറുടെ ഉപദേശകന്‍ സെര്‍ജി ക്ര്യുച്‌കോവ് പറഞ്ഞു. ക്രിമിയന്‍ ബ്രിഡ്ജിലേക്കുള്ള ഗതാഗതം രണ്ട് മണിക്കൂറിനേക്ക് നിര്‍ത്തിവെച്ചിരിക്കുന്നതായി ക്രിമിയ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
റഷ്യയുടെ പ്രതിരോധ മിസൈല്‍ ആക്രമണത്തില്‍ പടിഞ്ഞാറന്‍ ഉക്രൈനില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. ഉക്രൈന്‍ ഇവാനോ-ഫ്രാന്‍കിവ്‌സ്‌ക് മേഖലയിലെ വീടില്‍ മിസൈല്‍ പതിച്ചാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് ഉക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് അറിയിച്ചു.
വെള്ളിയാഴ്ച മോസ്‌കോയ്ക്ക് സമീപം വെടിവെച്ചിട്ട ഡ്രോണ്‍ കരംഷെവ്‌സ്‌കയ എംബാക്‌മെന്റ് പതിച്ചതായി അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് ഡ്രോണുകളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രണ്ട് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. വ്‌നുകോവോ വിമാനത്താവളത്തിലെയും കലുങ്ക വിമാനത്താവളത്തിലെയും വിമാന സര്‍വീസുകള്‍ പിന്നീട് പുനരാരംഭിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വ്‌നുകോവോ വിമാനത്താവളത്തില്‍ വിമാന സര്‍വീസ് നിര്‍ത്തിവെക്കുന്നത്.
Content Highlights: 20 ukrain drones destroyed; russia