ഹൈദരാബാദ്: തെലങ്കാനയില്‍ അപാകത നിറഞ്ഞ പ്ലസ്ടു ഫലത്തില്‍ മനംനൊന്ത് 20 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഒമ്പതര ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയ തെലങ്കാനയില്‍ ഏപ്രില്‍ 18ന് ഫലം വന്നപ്പോള്‍ മൂന്നു ലക്ഷത്തിലേറെ കുട്ടികളാണ് തോറ്റത്.
1000 മാര്‍ക്കില്‍ 900 ലഭിച്ച 11 വിദ്യാര്‍ത്ഥികളും 850നും 900ത്തിനും ഇടയില്‍ മാര്‍ക്ക് കിട്ടിയ 125 കുട്ടികളും 750ന് മുകളില്‍ മാര്‍ക്കുള്ള 2000 കുട്ടികളും തോറ്റിട്ടുണ്ട്. ഒരു വിഷയത്തിലാണ് ഇവരില്‍ പലരും തോറ്റത്. തെലുങ്കില്‍ പൂജ്യം മാര്‍ക്ക് കിട്ടിയ ഒരു വിദ്യാര്‍ത്ഥി പുനര്‍ മൂല്യ നിര്‍ണയത്തിന് കൊടുത്തപ്പോള്‍ 99 ആയതായും പരീക്ഷ എഴുതിയ ചില കുട്ടികളുടെ ഫലത്തില്‍ ഹാജരായില്ലെന്ന് പറയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഫലം വന്നതിന് ശേഷം കടുത്ത പ്രതിഷേധമാണ് സര്‍ക്കാര്‍ നേരിടുന്നത്.
പരീക്ഷ പേപ്പറുകള്‍ വീണ്ടും മൂല്യനിര്‍ണയം നടത്തണമെന്ന് എത്ര ദിവസം വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ രണ്ട് മാസം വേണ്ടി വരുമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കിയത്. എന്നാല്‍ ഒമ്പത് ലക്ഷം വിദ്യാര്‍ത്ഥികളുടെ പരീക്ഷ പേപ്പറുകള്‍ 10 ദിവസം കൊണ്ട് പരിശോധിച്ചെങ്കില്‍ 3 ലക്ഷം വിദ്യാര്‍ത്ഥികളുടെ പുനര്‍മൂല്യ നിര്‍ണയത്തിന് 2 മാസം എന്തിനാണെന്ന് കോടതി ചോദിച്ചു.
കഴിഞ്ഞ വര്‍ഷം വരെ സര്‍ക്കാര്‍ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഗുഡ് ഗവര്‍ണന്‍സ് ആയിരുന്നു ഫലം തയ്യാറാക്കിയിരുന്നതെങ്കില്‍ ഇത്തവണ ഹൈദരബാദിലെ സ്വകാര്യ ഏജന്‍സിയായ ഗ്ലോബറേന ടെക്‌നോളജീസിനാണ് നല്‍കിയിരുന്നത്. ടി.ആര്‍.എസ് നേതൃത്വത്തിന് ബന്ധമുള്ള സ്ഥാപമാണ് ഗ്ലോബറേനയെന്നും ഇത്രയും കുട്ടികളുടെ ഫലം തയ്യാറാക്കാനുള്ള സാങ്കേതിക പരിചയം കമ്പനിയ്ക്ക് ഇല്ലെന്നും ആരോപണം ഉയരുന്നുണ്ട്.
വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഫീസ് ഈടാക്കാതെ പുനര്‍മൂല്യ നിര്‍ണയത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി വിദ്യഭ്യാസ മന്ത്രിയെയും ഉദ്യോഗസ്ഥരയെും മുഖ്യമന്ത്രി ശാസിച്ചതായാണ് റിപ്പോര്‍ട്ട്. കൂട്ടത്തോല്‍വി അന്വേഷിക്കുന്നതിനായി നിലവില്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.