| Tuesday, 26th December 2017, 12:16 pm

പണം കൊടുത്ത് ഒത്തുതീര്‍പ്പ്;സൗദിയില്‍ അഴിമതിയോരോപിച്ച് ജയിലില്‍ കഴിഞ്ഞവരില്‍ 20 പേര്‍ മോചിതരായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: സൗദിയില്‍ അഴിമതിയോരോപണത്തെ തുടര്‍ന്ന് ജയിലിലായ രാജകുമാരന്മാര്‍, ഔദ്യോഗിക വക്താക്കള്‍ എന്നിവരില്‍ 20 പേര്‍ മോചിതരായതായി റിപ്പോര്‍ട്ട്. പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്നാണ് അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഇവര്‍ മോചിതരായിരിക്കുന്നത്.

സാമ്പത്തിക മന്ത്രിസഭയിലെ മുന്‍ ഉന്നത വക്താവ്, നിരവധി ഉന്നത ബിസിനസുകാര്‍, സൗദി ഗവണ്‍മെന്റിന്റെ ഉപദേഷ്ടാവ് എന്നിവരും മോചിതരായവരില്‍ പെടുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ ഉടന്‍ തന്നെ മോചിതരാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജയിലില്‍ കഴിയുന്ന സൗദി രാജകുമാരനും ലോകത്തിലെ ഏറ്റവും സമ്പന്നരായവരില്‍ ഒരാളുമായ വലീദ് ബിന്‍ തലാലിനു മുമ്പാകെ 6 ബില്യണ്‍ ഡോളര്‍ പിഴയുടെ ഒത്തുതീര്‍പ്പ് നിബന്ധന വെച്ചിരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

രാജ്യത്തു നിന്നും അഴിമതി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ സൗദി രാജകുമാരനും കിരീടാവകാശിയുമായ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പാനലാണ് അറസ്റ്റിനു നേതൃത്വം നല്‍കിയത്. കഴിഞ്ഞമാസമായമായിരുന്നു അറസ്റ്റ്.

അഴിമതിയാരോപണത്തെ തുടര്‍ന്ന് 159 പേര്‍ ജയിലിലായതായി ഈ മാസാദ്യം സൗദി ഭരണകൂടം പുറത്തുവിട്ടിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും പണംകൊടുത്തുള്ള ഒത്തു തീര്‍പ്പിന് തയ്യാറാണെന്നും ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു.

നിലവിലെ മന്ത്രിമാരും മുന്‍ മന്ത്രിമാരുമായി മുപ്പത്തിയെട്ടു പേരും പതിനൊന്ന് രാജകുമാരന്മാരുമടക്കം 49 പേര്‍ അഴിമതിയുടെ പേരില്‍ അറസ്റ്റിലായതായി കഴിഞ്ഞ മാസം അവസാനത്തോടെ സൗദിയിലെ പ്രാദേശിക മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more