യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ 44 ല്‍ 20 പേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍
India
യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ 44 ല്‍ 20 പേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd March 2017, 8:58 pm

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ 44 ല്‍ 20 പേരും ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതര്‍. മന്തിമാരില്‍ 45 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് യു.പി ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ദിനേശ് ശര്‍മ്മ, സ്വതന്ത്ര ദേവ് സിംഗ്, മൊഹ്‌സിന്‍ റാസ എന്നിവരുടെ സത്യവാങ്മൂലം വിശകലനം ചെയ്യാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മോഷണം,വ്യാജരേഖ ഉണ്ടാക്കല്‍, കൊള്ള തുടങ്ങിയവയാണ് മന്ത്രിമാരുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍. 44 മന്ത്രിമാരില്‍ 35 പേരും കോടീശ്വരന്മാരുമാണ്. ശരാശരി ആസ്തിയാകട്ടെ 5.34 കോടിയും. അലഹബാദ് സൗത്തില്‍ നിന്നുമുള്ള എം.എല്‍.എയായ ഗോപാല്‍ ഗുപ്ത നന്ദിയാണ് സത്യവാങ്മൂലം പ്രകാരം ഏറ്റവും സമ്പന്നനായ മന്ത്രി. 57.11 കോടി വരും ഇദ്ദേഹത്തിന്റെ ആസ്തി.

മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ സമ്പാദ്യം 71 ലക്ഷമാണെന്നാണ് സത്യവാങ്മൂലം പറയുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടേത് 9 കോടിയാണ്.


Also Read: ‘ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷയിളവു നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതം’: രമേശ് ചെന്നിത്തല


ആകെ അഞ്ച് വനിതാ മന്ത്രിമാരാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ ഉള്ളത്. പത്താം ക്ലാസ് പാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയില്‍ പഠിച്ചവര്‍ ഏഴുപേരും ബിരുദത്തിനു മുകളില്‍ വിദ്യാഭ്യാസമുള്ളവര്‍ 37 പേരുമാണ്. 18 മന്ത്രിമാരുടെ പ്രായം 25 നും 50 നും ഇടയിലാണ്. 26 പേരുടെ പ്രായം 51 നും 80 നും മധ്യത്തിലും.

സത്യവാങ്മൂലത്തില്‍ 28 മന്ത്രിമാര്‍ തങ്ങളുടെ കടബാധ്യതയും വെളിപ്പെടുത്തിയിട്ടുണ്ട്. ഗോപാല്‍ ഗുപ്ത നന്ദിയ്ക്കാണ് ഏറ്റവും വലിയ കടബാധ്യതയുള്ളത്. 26.02 കോടിയുടെ ബാധ്യത ഇദ്ദേഹത്തിനുണ്ട്.