കൊല്ലുമെന്ന് ഹിന്ദുക്കളായ മേല്‍ജാതിക്കാരുടെ ഭീഷണി; രാജസ്ഥാനില്‍ 20 മുസ്‌ലീം കുടുംബങ്ങള്‍ പാലായനം ചെയ്തു
Daily News
കൊല്ലുമെന്ന് ഹിന്ദുക്കളായ മേല്‍ജാതിക്കാരുടെ ഭീഷണി; രാജസ്ഥാനില്‍ 20 മുസ്‌ലീം കുടുംബങ്ങള്‍ പാലായനം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th October 2017, 10:09 am

ജയ്പൂര്‍: മേല്‍ജാതി ഹിന്ദുക്കളുടെ ഭീഷണിയെ തുടര്‍ന്ന് രാജസ്ഥാനിലെ ജയ്‌സാമിര്‍ ജില്ലയിലെ ദന്‍ഡല്‍ ഗ്രാമത്തില്‍ നിന്ന് 200ലേറെ പേരടങ്ങുന്ന 20 മുസ്‌ലീം കുടുംബങ്ങള്‍ പാലായനം ചെയ്തു.

കഴിഞ്ഞ നവരാത്രി ദനിത്തില്‍ നാടോടി ഗായകന്‍ അമദ് ഖാന്‍ എന്നയാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുസ്‌ലീം കുടുംങ്ങളെ ചിലര്‍ ഭീഷണിപ്പെടുത്തുകയും നാടുവിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തത്.


Dont Miss അമിത് ഷായുടെ മകനുവേണ്ടി കേസ് വാദിക്കാന്‍ മോദിസര്‍ക്കാറിന്റെ അഭിഭാഷകന്‍


സെപ്റ്റംബര്‍ 27 ന് നവരാത്രി ദിവസം അമദ് ഖാന്‍ ഇവിടെയുള്ള ക്ഷേത്രത്തില്‍ സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു. ഇതിനിടെ ഗ്രാമപുരോഹിതനായ രമേശ് സത്തര്‍ എന്നയാള്‍ ഖാനോട് പ്രത്യേക രാഗത്തിലുള്ള ഗാനം ആലപിക്കാന്‍ പറഞ്ഞു. ഖാന്‍ പാട്ട് പാടിയെങ്കിലും പാട്ട് മോശമാണെന്ന് പറഞ്ഞ് സത്തര്‍ ഇദ്ദേഹത്തെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും സംഗീത ഉപകരങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു.

ഇതിന് ശേഷം രാത്രി സത്തറും ശ്യാം റാം, താരാ റാം എന്നിവര്‍ ഖാന്റെ വീട്ടിലെത്തുകയും ഖാനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കികൊണ്ടുപോകുകയുമായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയ ഇദ്ദേഹത്തിന്റെ മൃതദേഹം പിറ്റേദിവസം രാവിലെ ക്ഷേത്രത്തിന് സമീപത്ത് നിന്നും കണ്ടെത്തി.

ഇദ്ദേഹം കൊല്ലപ്പെട്ടതിന് പിന്നാലെ മേല്‍ജാതിക്കാരായ ഹിന്ദുക്കള്‍ ഖാന്റെ വീട്ടിലെത്തുകയും പാലീസില്‍ പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം പറഞ്ഞു. എന്നാല്‍ പിന്നീട് ഖാന്റെ ബന്ധുക്കള്‍ ഇവിടെ എത്തുകയും അവരുടെ കൂടി സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സത്തര്‍ ഗ്രാമത്തിലെ ചില ഉന്നത ജാതിക്കാരേയും കൂട്ടിവന്ന് മുഴുവന്‍ മുസ് ലീങ്ങളോടും ഗ്രാമംവിട്ടുപോകാന്‍ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പ്രതികള്‍ക്കെതിരെ കൊലപാതകകുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് തങ്ങള്‍ കൊല്ലുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി ഖാന്റെ കുടുംബം പറയുന്നു. വെറും നിസാരപ്രശ്‌നത്തിന്റെ പേരിലാണ് തന്റെ ഭര്‍ത്താവിനെ അവര്‍ കൊലപ്പെടുത്തിയത്. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഗ്രാമം വിടേണ്ടി വന്നു. അവിടെ നിന്നും കിണറ്റില്‍ നിന്നും വെള്ളം പോലും എടുക്കാന്‍ അവര്‍ തങ്ങളെ അനുവദിച്ചില്ലെന്നും ഖാന്റെ വിധവ കേന്‍കു പറയുന്നു.

എന്നാല്‍ ഗ്രാമത്തിലെ മുസ്‌ലീങ്ങളെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അമദ് ഖാന്റെ മരണം ഹൃദയാഘാതം മൂലമാണെന്നുമാണ് ഗ്രാമത്തലവന്‍ പറയുന്നത്. അതേസമയം ഗ്രാമംവിട്ട മുസ്‌ലീങ്ങളെ തിരിച്ചെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി ജില്ലാ പൊലീസ് സൂപ്രണ്ട് ഗൗരവ് യാദവ് പറഞ്ഞു.

നാടുവിടേണ്ടി വന്നര്‍ തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ മറ്റൊരു ഗ്രാമത്തില്‍ പൊലീസ് സംരക്ഷണയില്‍ കഴിയുകയാണ് ഇപ്പോള്‍.