| Wednesday, 13th November 2024, 5:59 pm

ചെറുതുരുത്തിയില്‍ നിന്ന് 20ലക്ഷം രൂപ പിടിച്ച സംഭവം; കള്ളപ്പണ ആരോപണമുന്നയിച്ച അനില്‍ അക്കരെക്കെതിരെ കേസ് കൊടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ചെറുതുരുത്തിയില്‍ നിന്ന് പണം പിടിച്ച സംഭവത്തില്‍ ഉടമസ്ഥനായ സി.സി. ജയന്‍ യു.ഡി.എഫ് നേതാവ് അനില്‍ അക്കരക്കെതിരെ നിയമ നടപടി സ്വീകരിക്കും. പിടിച്ചെടുത്ത 20 ലക്ഷത്തോളം രൂപ കള്ളപ്പണമാണെന്ന് അനില്‍ അക്കര  ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജയന്‍ നിയമ നടപടിക്കൊരുങ്ങുന്നത്.

തന്റെ കൈയില്‍ നിന്ന് പിടിച്ച തുക നിയമപരമായതാണെന്നും എല്ലാവിധ രേഖകള്‍ ഉള്ളതാണെന്നും ജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പിടിച്ചെടുത്തത് കുഴല്‍പ്പണമല്ലെന്നും താന്‍ നിര്‍മാണ സാധനങ്ങള്‍ വാങ്ങാന്‍ വെച്ച പണമാണെന്നും ജയന്‍ പറഞ്ഞു. ആദ്യം ഏറണാകുളത്ത് പോയി സാധനങ്ങള്‍ വാങ്ങിക്കാനും തുടര്‍ന്ന് ചേര്‍ത്തലയില്‍ മാര്‍ബിള്‍ നോക്കാന്‍ പോവുകയായിരുന്നെന്നും ജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിടിച്ചെടുത്ത പണം കള്ളപ്പണമാണെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജയന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ചെറുതുരുത്തിയില്‍ നിന്ന് പാലക്കാട് കുളപ്പള്ളി സ്വദേശിയായ ജയന്റെ പണം ഇലക്ഷന്‍ സ്‌ക്വാഡ് പിടികൂടുന്നത്.

തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ തുക ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന കള്ളപ്പണമാണെന്ന് പരസ്പരം ആരോപിച്ചിരുന്നു. പിന്നീട് ജയന്റെ വീട്ടില്‍ നടന്ന പരിശോധനയിലും അഞ്ച് ലക്ഷം രൂപ കണ്ടെത്തിയിരുന്നു.

Content Highlight: 20 lakh rupees  seized from Cheruthuruthi ; A case will be filed against Anil Akkara, who made allegations of black money

Latest Stories

We use cookies to give you the best possible experience. Learn more