ചിറ്റൂര്‍: മണല്‍ മാഫിയയ്‌ക്കെതിരെ സമരം നടത്തുന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി 20 കര്‍ഷകര്‍ കൊല്ലപ്പെട്ടു. യെര്‍പെഡു പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. 15 പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
നിയന്ത്രണം നഷ്ടപ്പെട്ട ലോറി ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1:45ഓടെയാണ് സംഭവം ഉണ്ടായത്. പ്രദേശത്തെ മണല്‍ ഖനനത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ആളുകള്‍ സമരം ചെയ്തത്.
Also Read: ബി.ജെ.പി സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ അധികാരബലത്തില്‍ ഭരണം പിടിക്കുന്നു: എന്‍ റാം
നിറയെ സാധനങ്ങളുമായി അമിതവേഗതയിലാണ് ലോറി വന്നതെന്ന് പൊലീസ് പറഞ്ഞു. ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അപകടമുണ്ടായ ഉടന്‍ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു.
ശ്രീകലഹസ്തയില്‍ നിന്ന് തിരുപ്പതിയിലേക്ക് പോയ ലോറിയാണ് അപകടമുണ്ടാക്കിയത്. മൃതദേഹങ്ങള്‍ ഛിന്നഭിന്നമായിട്ടുണ്ട്. വൈദ്യുതാഘാതമേറ്റാണ് കൂടുതല്‍ പേരും മരിച്ചത്.
സംഭവത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദു:ഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.