മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിലമ്പൂര്‍ പോത്തുകല്ലിലേക്ക് ചാലിയാറിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങള്‍. മുണ്ടക്കൈയില്‍ നിന്ന് പുഴ ഒഴുകിയെത്തുന്നത് ചാലിയാറിലേക്കാണ്. മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും വെല്ലുവിളി നേരിടുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഉരുള്‍പൊട്ടലില്‍ ആകെ മരണം 106 ആയി ഉയര്‍ന്നിട്ടുണ്ട്.
ചാലിയാറിന് അക്കരെ കുമ്പളപ്പാറ കോളനിയില്‍ എട്ട് മൃതദേഹങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചാലിയാറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങളിലേറെയും ശരീര ഭാഗങ്ങള്‍ വേര്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. ചാലിയാറിന് കുറുകെ കയര്‍ കെട്ടി അക്കരെയെത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാറിലും ജലനിരപ്പും ഒഴുക്കും ഉയരുകയാണ്.
മരിച്ച 10 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. റംലത്ത്, അഷ്‌റഫ്, കുഞ്ഞിമൊയ്തീന്‍, ലെനിന്‍, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അഞ്ച് ഇടങ്ങളിലായിട്ടാണ് ഇവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
മേപ്പാടി ഹെല്‍ത്ത് സെന്റര്‍ (32), വിംസ് (7), വൈത്തിരി താലൂക്ക് ആശുപത്രി (1), നിലമ്പൂര്‍ ആശുപത്രി (8), മലപ്പുറം ചുങ്കത്തറ ആശുപത്രി (1) എന്നിവിടങ്ങളിലാണ് മൃതദേഹങ്ങളുള്ളത്.
നിലവില്‍ മുണ്ടക്കൈയിലേക്ക് എന്‍.ഡി.ആര്‍.എഫ് സംഘം പുഴ കടന്നെത്തിയിട്ടുണ്ട്. പ്രദേശത്തേക്കുള്ള ഏക പാലം തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. അപകടം നടന്ന് 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തിയത്. അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തിയത്.
മുണ്ടക്കൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലുമായി ആളുകള്‍ നിലവില്‍ അഭയം തേടിയിട്ടുണ്ട്. ഇതില്‍ 250 ആളുകളാണ് ഇരുസ്ഥലങ്ങളായി രക്ഷ തേടിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുണ്ടെങ്കിലും കനത്ത മഴ വെല്ലുവിളിയാകുകയാണ്.
മേപ്പാടി ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോടെത്തി. മന്ത്രിമാരായ കെ. രാജന്‍, പി.എ. മുഹമ്മദ് റിയാസ്, ഒ.ആര്‍. കേളു എന്നിവരാണ് വിമാനമാര്‍ഗം കോഴിക്കോട് എത്തിയത്. ഇവര്‍ വയനാട്ടിലേക്ക് തിരിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്‍ മേപ്പാടി ആശുപത്രികളിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു.
Content Highlight: 20 dead bodies were washed into Nilambur Pothukal through Chaliyar