| Saturday, 24th April 2021, 11:22 am

ശ്വാസം മുട്ടി രാജ്യതലസ്ഥാനം; ദല്‍ഹി ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. ദല്‍ഹി ജയ്പൂര്‍ ഗോള്‍ഡണ്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 20 കൊവിഡ് രോഗികള്‍ മരിച്ചു.

ആശുപത്രി എം.ഡി ഡി.കെ ബാലൂജ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ കൂടി ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമെ ആശുപത്രിയില്‍ ഉള്ളുവെന്നും അത്യാവശ്യമായി ഓക്‌സിജന്‍ എത്തിക്കാന്‍ ദല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.ഡി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും എം.ഡി പറഞ്ഞു.

അതേസമയം ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. കേന്ദ്രത്തിന്റെ പക്കല്‍ നിന്ന് ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.

കൊവിഡ് വ്യാപനത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളുടെ പട്ടിക കഴിഞ്ഞദിവസം ദല്‍ഹി സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. ഓക്‌സിജന്‍ ഒട്ടും ഇല്ലാത്ത ആറ് സ്വകാര്യ ആശുപത്രികളുടെയും ക്ഷാമം നേരിടുന്ന മറ്റു ആശുപത്രികളുടെയും പട്ടികയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറത്ത് വിട്ടത്.

സരോജ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി, ശാന്തി മുകുന്ദ് ആശുപത്രി, തിരത്ത് റാം ഷാ ആശുപത്രി, യു.കെ നഴ്‌സിംഗ് ഹോം, രാതി ആശുപത്രി, ശാന്തം ആശുപത്രി എന്നീ ആശുപത്രികളിലാണ് കരുതി വെച്ച ഓക്‌സിജനും തീര്‍ന്നതായി അറിയിച്ചത്.

സരോജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ശാന്തി മുകുന്ദ് ആശുപത്രിയും ഓക്‌സിജന്‍ തീരാറായെന്ന് അറിയിച്ചിരുന്നു. സരോജ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി ഓക്‌സിജന്‍ ക്ഷാമം നികത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: 20 Covid Patients Died In Delhi Lack Of Oxygen

We use cookies to give you the best possible experience. Learn more