20 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ഉടനെത്തും; അവകാശവാദവുമായി കര്‍ണ്ണാടക മന്ത്രി
national news
20 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ഉടനെത്തും; അവകാശവാദവുമായി കര്‍ണ്ണാടക മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th February 2021, 11:16 pm

ബെലഗാവി: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്ന് 20 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ഉടനെത്തുമെന്ന അവകാശവാദവുമായി സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി രമേഷ് ജാര്‍ഖിഹോലി. പൊതുപരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘കര്‍ണ്ണാടകയുടെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ഇപ്പോഴും ഞങ്ങളുടെ നേതാവാണ്. അതില്‍ ഒരു തര്‍ക്കവുമില്ല. എല്ലാ ദിവസവും കുറഞ്ഞത് രണ്ട് തവണയെങ്കിലും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. കോണ്‍ഗ്രസിന്റെ മുന്‍നിരയിലുള്ള പല നേതാക്കളും ബി.ജെ.പിയില്‍ അംഗത്വമെടുക്കാന്‍ കാത്തിരിക്കുകയാണ്. ഏത് നിമിഷവും അത് സംഭവിക്കാം’, മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായ നേതാക്കളാണ് ബി.ജെ.പിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതെന്ന് ജാര്‍ഖിഹോലി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുള്ളില്‍ തങ്ങളുടെ ജീവിതം ഹോമിച്ചിട്ടും അര്‍ഹതപ്പെട്ട നേട്ടങ്ങള്‍ ലഭിക്കാത്തവരാണ് ഇപ്പോള്‍ പാര്‍ട്ടിമാറ്റത്തിനായി ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താനൊരിക്കലും കോണ്‍ഗ്രസിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് വിടാന്‍ താല്പര്യമുള്ള നേതാക്കളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ചിലര്‍ പറയുന്നു, ബി.ജെ.പിയില്‍ ചേര്‍ന്ന 17 എം.എല്‍.എമാര്‍ ഉടന്‍ തന്നെ കോണ്‍ഗ്രസിലേക്കോ, ജെ.ഡി.എസിലേക്കോ പോകാനൊരുങ്ങുന്നുവെന്ന്. ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്. തിരിച്ചുപോക്കിനെപ്പറ്റി ആരും ആലോചിക്കുന്നില്ല’, മന്ത്രി പറഞ്ഞു.

കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. അതേസമയം ഉപതെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശക്തമായ പ്രചരണമാണ് കോണ്‍ഗ്രസും ബി.ജെ.പിയും കാഴ്ച വെയ്ക്കുന്നത്. മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക വരെ കോണ്‍ഗ്രസ് തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 20 Congress Mlas Ready To Join Bjp Says Karnataka Minister