Kerala News
ഒറ്റ ദിവസം കൊണ്ട് 20 പൂച്ചകള്‍ ചത്തുവീണു; ആശങ്കയില്‍ ഉടമയായ സ്ത്രീ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 16, 03:35 am
Monday, 16th August 2021, 9:05 am

കാലടി: കാഞ്ഞൂര്‍ പാറപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന കടുവേലില്‍ റാദിയ (60) വളര്‍ത്തിയ 20 പൂച്ചകള്‍ ഒരേ ദിവസം ചത്തു. വിഷംകൊടുത്തു കൊന്നതാണെന്ന് റാദിയ സംശയം പ്രകടിപ്പിച്ചു. പൂച്ചയെ വളര്‍ത്തുന്നതില്‍ വിരോധമുള്ള ആരോ ചെയ്തതാവാമെന്നാണ് കരുതുന്നത്.

ശനിയാഴ്ച രാവിലെ മുതല്‍ പൂച്ചകള്‍ ചത്ത് വീഴുകയായിരുന്നുവെന്ന് റാദിയ പറഞ്ഞു. ഏതാനും ചിലതിനെ കുഴിച്ചിട്ടുവെന്നും മറ്റുള്ളവ അടുത്തുള്ള കുറ്റിക്കാടിനുള്ളില്‍ ചത്തുകിടക്കുകയാണെന്നും അവര്‍ പറയുന്നു.

റാദിയക്ക് പൂച്ചകളെ നല്‍കിയിരുന്ന മൃഗസ്‌നേഹിയായ മരട് സ്വദേശി സചിത്ര വിവരമറിഞ്ഞെത്തി.

ആലുവയിലാണ് റാദിയ നേരത്തേ താമസിച്ചിരുന്നത്. പിന്നീട് പാറപ്പുറത്ത് നാല് സെന്റ് സ്ഥലം വാങ്ങി സര്‍ക്കാര്‍ സഹായത്തോടെ വീട് പണിത് താമസിച്ചുവരുകയായിരുന്നു. റാദിയയുടെ ഭര്‍ത്താവ് ആറ് വര്‍ഷം മുമ്പ് മരിക്കുകയായിരുന്നു.

പെണ്‍മക്കളുടെ കല്ല്യാണം കഴിഞ്ഞതോടെ ഒറ്റക്ക് താമസിച്ചുവരുകയാണ് ഇവര്‍. തൃപ്പൂണിത്തുറയിലെ ഒരു സ്ഥാപനത്തില്‍ ഹോംനേഴ്‌സ് ആയി ജോലി നോക്കിയിരുന്നു റാദിയ.

കൊവിഡായതോടെ ജോലി നിര്‍ത്തി നാട്ടില്‍ തൊഴിലുറപ്പ് പണിക്ക് പോയിക്കൊണ്ടിരിക്കുകയാണ് റാദിയ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 20 cats died in kaladi