രാഹുല്‍, മോദി തര്‍ക്കത്തിനിടയില്‍ രാജ്യം അറിയേണ്ടത് ഈ യാഥാര്‍ഥ്യങ്ങള്‍
national news
രാഹുല്‍, മോദി തര്‍ക്കത്തിനിടയില്‍ രാജ്യം അറിയേണ്ടത് ഈ യാഥാര്‍ഥ്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th July 2024, 6:54 pm

അഗ്‌നിവീറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിനെ ഒരു കാര്യം ബോധിപ്പിക്കുന്നു, നിങ്ങള്‍ തുടങ്ങിവെച്ച അഗ്‌നിവീര്‍ പദ്ധതിയില്‍ പ്രവേശിച്ച സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് രാജ്യത്ത് മരിച്ചുവീണത് 20 അഗ്‌നിവീര്‍ സൈനികരാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, കരസേനയിലെ 18 സൈനികരുള്‍പ്പെടെയാണ് മരണപ്പെട്ടിരിക്കുന്നത്. ഇതില്‍ കേവലം സൈനിക ഏറ്റുമുട്ടലിനിടയില്‍ മരണപ്പെട്ടവര്‍ മാത്രമല്ല, ആത്മഹത്യ ചെയ്തവരും ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഐ.എ.എഫിലെ സൈനികന്റെ ആത്മഹത്യയാണ് ഏറ്റവും അവസാനമായി രേഖപ്പെടുത്തിയ അഗ്‌നിവീര്‍ മരണം. അഗ്‌നിവീരുകളുടെ മരണത്തില്‍ ആദ്യത്തേതും ഒരു ആത്മഹത്യ തന്നെയായിരുന്നു.

എന്നാല്‍ വ്യോമസേനയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത്. ചൊവ്വാഴ്ച രാത്രി, ആഗ്രയിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ സെന്‍ട്രി ഡ്യൂട്ടിയിലിരിക്കെയാണ് ശ്രീകാന്ത് കുമാര്‍ ചൗധരി എന്ന 22 വയസുള്ള അഗ്നിവീര്‍ ആത്മഹത്യ ചെയ്തത്. 2022ലാണ് അഗ്‌നിപഥ് പദ്ധതിയിലൂടെ ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ നിന്നുള്ള ചൗധരി വ്യോമസേനയിലെ അഗ്‌നിവീരായി ചേരുന്നത്. ആത്മഹത്യയുടെ പിന്നിലെ കാരണമെന്തെന്നറിയാന്‍ ബോര്‍ഡ് ഓഫ് എന്‍ക്വയറി രൂപീകരിച്ചതായി സര്‍ക്കാര്‍ പറയുന്നു.

ഈ അന്വേഷണങ്ങള്‍ നീണ്ടുപോകുന്നതിനിടയില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളും വിവാദങ്ങളും ദിനംപ്രതി ഉയര്‍ന്നു. 2023 ഒക്ടോബര്‍ 11ന് ജമ്മുവില്‍ മരണപ്പെട്ട അഗ്‌നിവീര്‍ അമൃത്പാല്‍ സിങ്ങിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാതിരുന്നത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സ്വയം മുറിവേല്‍പ്പിച്ചാണ് അമൃത്പാല്‍ സിങ് മരിച്ചതെന്ന് വാദിച്ചായിരുന്നു അധികൃതര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നിഷേധിച്ചത്.

ഇതിനുപിന്നാലെയാണ് 2023 ഒക്ടോബര്‍ 22ന് സിയാച്ചിനിലെ ഡ്യൂട്ടി ലൈനില്‍ വെച്ച് അഗ്‌നിവീര്‍ അക്ഷയ് ലക്ഷ്മണ്‍ മരണപ്പെട്ടത്. ലക്ഷ്മണിന്റെ മരണമാണ് ഇന്ന് രാജ്യത്തെ നടക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവരുന്നതിന് കാരണമായത്.

ലക്ഷമണിന്റെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് തക്കതായ പെന്‍ഷനോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന വാദവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തുന്നത്.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവിടെയും തീര്‍ന്നില്ല. ജനുവരിയില്‍ ജമ്മുകശ്മീരിലെ രജൗരി സെക്ടറിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ അഗ്‌നിവീര്‍ അജയ് സിങ് എന്ന ഇരുപതുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ വീണ്ടും രംഗത്തെത്തി.

എന്നാല്‍ രാഹുലിന് മറുപടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്‌സഭയില്‍ ചില വാദങ്ങള്‍ ഉയര്‍ത്തി. അതിലൊന്ന് ഡ്യൂട്ടിക്കിടെ മരിക്കുന്ന അഗ്‌നിവീരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുന്നു എന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ ‘ഞങ്ങള്‍ സുരക്ഷിതരാണ്, അതിര്‍ത്തിയില്‍ കാവലായി ജവാന്മാരുണ്ടല്ലോ’ എന്ന് ആശ്വസിക്കുന്ന സൈന്യത്തെ കൊണ്ടുപോലും ബി.ജെ.പി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നുണ പറയിപ്പിച്ചു.

1,65,000 കോടി രൂപയില്‍ 98.039 ലക്ഷം രൂപ ഇതിനോടകം അജയ് സിങ്ങിന്റെ കുടുംബത്തിന് നല്‍കിയിട്ടുണ്ടെന്ന് സൈന്യം എക്സിലൂടെ അറിയിച്ചു. ഈ വാദത്തെയും പൊളിച്ചത് രാഹുല്‍ ഗാന്ധിയെന്ന ഇന്ത്യയുടെ പ്രതിപക്ഷ നേതാവാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പച്ചക്കള്ളം പറയുകയാണെന്ന് രാഹുല്‍ പ്രതികരിച്ചു. തുടര്‍ന്ന് കൊല്ലപ്പെട്ട അഗ്‌നിവീര്‍ സൈനികന്‍ അജയ് സിങ്ങിന്റെ പിതാവാണ് തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതെന്ന് രാഹുല്‍ ഇന്ത്യയോട് വിളിച്ചുപറഞ്ഞു.

കൊല്ലപ്പെട്ട സൈനികന്റെ കുടുംബവുമായി സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ കേന്ദ്രത്തിന്റെ പൊള്ളത്തരം രാഹുല്‍ തുറന്നുകാട്ടിയത്.

‘സത്യം സംരക്ഷിക്കുക എന്നതാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനം. എന്നാല്‍ രക്തസാക്ഷി അഗ്‌നിവീറിന്റെ കുടുംബത്തിന് സഹായം ലഭിക്കുന്നതിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ കള്ളം പറഞ്ഞിരിക്കുന്നു. രക്തസാക്ഷി അഗ്‌നിവീര്‍ അജയ് സിങ്ങിന്റെ പിതാവ് തന്നെയാണ് അദ്ദേഹത്തിന്റെ നുണകളെ കുറിച്ച് എന്നോട് പറഞ്ഞിരിക്കുന്നത്. പാര്‍ലമെന്റിനോടും രാജ്യത്തോടും സൈന്യത്തോടും രക്തസാക്ഷി അഗ്‌നിവീര്‍ അജയ് സിങ് ജിയുടെ കുടുംബത്തോടും പ്രതിരോധമന്ത്രി മാപ്പ് പറയണം,’ എന്നായിരുന്നു രാഹുല്‍ എക്സില്‍ കുറിച്ചത്.

രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ലഭിക്കണമെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് നിര്‍ത്തുകയും പതിവ് റിക്രൂട്ട്‌മെന്റ് പുനഃസ്ഥാപിക്കുകയും വേണമെന്നും രാഹുല്‍ ആവശ്യം ഉന്നയിച്ചിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ കളഞ്ഞ സൈനികന് ‘രക്തസാക്ഷി’ പദവി പോലും ലഭിക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. അഗ്നിവീര്‍ പദ്ധതി ബി.ജെ.പി സര്‍ക്കാരിന് യൂസ് ആന്റ് ത്രോ പദ്ധതി പോലെയാണെന്നും വിമര്‍ശിച്ചു.

എന്നാല്‍ ഏറെ ആലോചിച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി കൊണ്ടുവന്നത്. കൂടാതെ, ഇത്തരത്തിലുള്ള സ്‌കീമുകള്‍ പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ഇത്തരം റിക്രൂട്ട്മെന്റുകള്‍, യു.എസിലും യു.കെയിലുമുണ്ട്. അവിടെയുള്ള ആളുകള്‍ക്കൊന്നും അതിനോട് എതിര്‍പ്പില്ല. അഗ്‌നിവീര്‍ പദ്ധതിയെ കുറിച്ച് മനസ്സിലാക്കാതെ, അതേക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭിക്കാതെ ഇങ്ങനെ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് ഉചിതമല്ലെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനത്തോടുള്ള രാജ്നാഥ് സിങ്ങിന്റെ മറുപടി.

ഇതിനിടയില്‍ ആര്‍മി ഗ്രൂപ്പ് ഇന്‍ഷുറന്‍സിലൂടെ തങ്ങള്‍ക്ക് 48 ലക്ഷം രൂപ ലഭിച്ചുവെന്ന് അജയ് സിങ്ങിന്റെ പിതാവ് പറഞ്ഞതായി എന്‍.ഡി.ടി.വി അടക്കമുള്ള ഏതാനും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയെന്ന് വാദിച്ച ഒരു കോടി രൂപയുമായി ബന്ധമില്ല.

അഗ്‌നിവീര്‍ പദ്ധതി പ്രകാരം, 17.5 മുതല്‍ 21 വയസ് വരെ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നു. എന്നാല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇവര്‍ക്ക് പെന്‍ഷനും മെഡിക്കല്‍ സൗകര്യങ്ങളും ലഭിക്കില്ല. കിട്ടുന്നത് നാല് വര്‍ഷത്തെ സേവനത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ‘സേവാ നിധി’ പാക്കേജാണ്. ഇതില്‍ ഓരോ അഗ്‌നിവീരുകള്‍ക്കും ലഭിക്കുന്നത് 11.71 ലക്ഷം രൂപ. ജീവിതത്തിന്റെ നല്ല ഒരു സമയം രാജ്യത്തെ സേവിച്ചിട്ടും അംഗീകരിക്കപ്പെടാതെ പോകുന്ന തക്കതായ ആനുകൂല്യങ്ങള്‍ ലഭിക്കാതിരുന്ന സൈനികരെ, രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ കേന്ദ്ര സര്‍ക്കാരും അഗ്‌നിപഥ് പദ്ധതിയും അപമാനിക്കുകയാണ്.

അഗ്‌നിവീര്‍ സൈനികര്‍ക്കും സാധാരണ സൈനികര്‍ക്കും നല്‍കുന്ന ശമ്പളത്തിലെ വ്യത്യാസവും ഇവിടെ ചര്‍ച്ചാവിഷയമാണ്. സാധാരണ സൈനികര്‍ക്ക് ഏകദേശം 2.4 കോടി രൂപയാണ് ശമ്പളം. അഗ്‌നിവീര്‍ സൈനികര്‍ക്ക് ലഭിക്കുന്നത് 48 ലക്ഷം രൂപയും. എന്നാല്‍ ഇത് ഇന്‍ഷുറന്‍സ് തുകയാണ്. ഇതേ സമയം ഒരു സാധാരണ സൈനികന് ഇന്‍ഷുറന്‍സായി 75 ലക്ഷം രൂപ ലഭിക്കുകയും ചെയ്യും.

ഇതിനെല്ലാം ഒടുവിലാണ് സൈന്യത്തിനുള്ളില്‍ നിന്നുപോലും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കിയത് സൈനികര്‍ക്കുള്ള പെന്‍ഷന്‍ ചെലവ് കുറക്കാനെന്ന് മുന്‍ നാവിക സേന മേധാവി കരംബീര്‍ സിങ് ചൂണ്ടിക്കാട്ടി.

അഗ്‌നിപഥ് പദ്ധതി സൈനികരുടെ പോരാട്ട വീര്യം കുറയ്ക്കുമെന്നും പെന്‍ഷന്‍ ബില്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സര്‍ക്കാര്‍ മുന്നോട്ട് വെച്ചതെന്നും കരംബീര്‍ സിങ് പറഞ്ഞു. ഈ പദ്ധതി സൈനികരുടെ പോരാട്ട വീര്യം കുറയ്ക്കുമെന്ന വസ്തുത ദേശീയ സുരക്ഷയെക്കുറിച്ച് അറിയുന്ന എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ യുവാക്കളുടെ ജീവിതത്തെ ചൂഷണം ചെയ്തുകൊണ്ട്, തങ്ങള്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അഗ്‌നിവീറുകള്‍ ഇനിയും മരിച്ചുവീഴും.

Content Highlight: 20 Agniveer soldiers died in the country in one year