ന്യൂദല്‍ഹി: ഇരട്ടപ്പദവി വഹിച്ചെന്ന പരാതിയിയെത്തുടര്‍ന്ന് 20 ആംആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടി ദല്‍ഹി ഹൈക്കോടതി റദ്ദാക്കി. സ്വാഭാവിക നീതി ലഭിച്ചില്ലെന്ന എം.എല്‍.എമാരുടെ വാദം ശരിവെച്ച്‌കൊണ്ടാണ് ദല്‍ഹി ഹൈക്കോടതി നടപടി.
ഇരട്ടപ്പദവിക്ക് കൃത്യമായ നിര്‍വചനമില്ലെന്ന് പറഞ്ഞ കോടതി എം.എല്‍.എമാുടെ വാദം വീണ്ടും കേള്‍ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. അതേസമയം സത്യം ജയിച്ചെന്നായിരുന്നു കോടതി വിധിയോട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.
നേരത്തെ ഇരട്ടപ്പദവി വഹിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് 20 എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. കമ്മീഷന്‍ നടപടിക്കെതിരെ എം.എല്‍.എമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചിരുന്നില്ല.
2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്റ്റംബര്‍ എട്ടുവരെ ആംആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു തെരഞ്ഞൈടുപ്പ് കമ്മിഷന്റെ നടപടി. നിയമന ഉത്തരവ് ദല്‍ഹി ഹൈക്കോടതി പിന്നീടു റദ്ദാക്കിയിരുന്നു. അധികാരമേറ്റ് ഒരു മാസത്തിനുള്ളിലാണു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 21 എ.എ.പി എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ തെരഞ്ഞെടുപ്പു കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു.
21 പേര്‍ക്കെതിരെയായിരുന്നു പരാതിയെങ്കിലും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രജൗരി ഗാര്‍ഡനിലെ എം.എല്‍.എ സ്ഥാനം രാജിവച്ച ജര്‍ണൈല്‍ സിങ്ങിനെ പിന്നീട് ഒഴിവാക്കുകയായിരുന്നു.