ഒരു ഓവറില്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ഏഴ് സിക്‌സര്‍; ആ ചരിത്രനിമിഷം നിങ്ങള്‍ മറന്നോ?
Sports News
ഒരു ഓവറില്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ഏഴ് സിക്‌സര്‍; ആ ചരിത്രനിമിഷം നിങ്ങള്‍ മറന്നോ?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th November 2024, 2:49 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം തുടരുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ കൂടിയായ ഋതുരാജ് ഗെയ്ക്വാദ്. ഐ.പി.എല്‍ മെഗാ താരലേലവും അവസാനിച്ചതോടെ ഐ.പി.എല്ലിന്റെ പുതിയ സീസണിനെ കുറിച്ചും സൂപ്പര്‍ കിങ്‌സിന്റെ സാധ്യതകളെ കുറിച്ചുമുള്ള ചര്‍ച്ചകളും സജീവമാവുകയാണ്.

അതേസമയം, ഗെയ്ക്വാദിന്റെ ഒരു അതുല്യ റെക്കോഡിന്റെ ആനിവേഴ്‌സറി ആഘോഷിക്കുകയാണ് ആരാധകര്‍. താരം ഒരു ഓവറില്‍ ഏഴ് സിക്‌സറടിച്ചതിന്റെ ചരിത്ര നേട്ടത്തിന്റെ രണ്ടാം വാര്‍ഷികമാണിന്ന്. 2022 വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെയായിരുന്നു ഈ നേട്ടം.

 

ഓവറിലെ ആറ് ലീഗല്‍ ഡെലിവെറിയിലും സിക്‌സര്‍ പറത്തിയ താരം ഫ്രീ ഹിറ്റിലൂടെ ലഭിച്ച പന്തിലും സിക്‌സറടിച്ചു. ഇതോടെ ശിവം സിങ് എറിഞ്ഞ ഓവറില്‍ 43 റണ്‍സാണ് പിറന്നത്. ഇതോടെ ലിസ്റ്റ് എ ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായും ഗെയ്ക്വാദ് മാറി.

6, 6, 6,6, nb, 6, 6 എന്നിങ്ങനെയായിരുന്നു ശിവം സിങ്ങിന്റെ ഒമ്പതാം ഓവറില്‍ താരം അടിച്ചെടുത്തത്.

മത്സരത്തില്‍ അതുവരെ മികച്ച രീതിയിലായിരുന്നു താരം പന്തെറിഞ്ഞത്. എട്ട് ഓവറില്‍ നിന്നും 45 റണ്‍സ് മാത്രമായിരുന്നു താരം വഴങ്ങിയത്. എന്നാല്‍ തന്റെ ഒമ്പതാം ഓവറും, മഹാരാഷ്ട്ര ഇന്നിങ്സിലെ 49ാം ഓവറും എറിഞ്ഞു തീര്‍ത്തതോടെ സിങ് വഴങ്ങിയത് 88 റണ്‍സ്!

മത്സരത്തില്‍ ഗെയ്ക്വാദ് ഇരട്ട സെഞ്ച്വറിയും നേടിയിരുന്നു. 159പന്തില്‍ പത്ത് ബൗണ്ടറിയുടെയും 16 സിക്സറിന്റെയും അകമ്പടിയോടെ 220 റണ്‍സാണ് ഋതുരാജ് സ്വന്തമാക്കിയത്. 138.36 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.

ഗെയ്ക്വാദിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ മഹാരാഷ്ട്ര 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് സ്വന്തമാക്കി. 37 റണ്‍സ് വീതം നേടിയ അങ്കിത് ബാവ്നെയും അസിം കാസിയുമാണ് മഹാരാഷ്ട്രയുടെ മറ്റ് റണ്‍വേട്ടക്കാര്‍.

ഉത്തര്‍പ്രദേശിനായി കാര്‍ത്തിക് ത്യാഗി പത്ത് ഓവറില്‍ 66 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം ശര്‍മ, അങ്കിത് രാജ്പുത് എന്നിവര്‍ മഹാരാഷ്ട്രയുടെ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍പ്രദേശ് ആര്യന്‍ ജുയാലിന്റെ കരുത്തില്‍ പൊരുതിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. 143 പന്തില്‍ 159 റണ്‍സ് നേടിയ ജുയാലിന് ഒരാളുടെ പോലും പിന്തുണ ലഭിച്ചില്ല. 33 റണ്‍സടിച്ച ശിവം ശര്‍മയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ യു.പി 272ന് പുറത്താവുകയും ഗെയ്ക്വാദും സംഘവും 58 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയുമായിരുന്നു.

 

 

Content highlight: 2 years of Ruturaj Gaikwad’s historic achievement