Sports News
'പാകിസ്ഥാന്റെ ക്രിക്കറ്റ് ദൈവത്തെ' മറികടന്ന് ബുംറ ഒന്നാമനായതിന് ഇന്ന് രണ്ട് വയസ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 04, 06:45 am
Thursday, 4th July 2024, 12:15 pm

രണ്ട് വര്‍ഷഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2022 ജൂലൈ നാല്, അന്നാണ് സൂപ്പര്‍ താരം ജസ്പ്രീത് ബുംറ ഒരു ഐതിഹാസിക നേട്ടത്തിലേക്ക് ചുവടുവെച്ചത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ടെസ്റ്റിലാണ് ബുംറ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

സേന രാജ്യങ്ങള്‍ക്കെതിരെ 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. പാകിസ്ഥാന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ വസീം അക്രമിനെ മറികടന്നാണ് ബുംറ ഈ നേട്ടത്തിലെത്തിയത്.

 

28 വയസും 211 ദിവസവും പ്രായമുള്ളപ്പോഴാണ് ബുംറ സേന രാജ്യങ്ങള്‍ക്കെതിരെ വിക്കറ്റ് വീഴ്ത്തി സെഞ്ച്വറി നേടിയത്. 28 വയസും 230 ദിവസവും പ്രായമുള്ളപ്പോവായിരുന്നു അക്രമിന്റെ നൂറ് വിക്കറ്റ് നേട്ടം.

ഈ മത്സരത്തില്‍ മറ്റ് പല റെക്കോഡുകളും ബുംറ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മാറ്റിവെച്ച ടെസ്റ്റ് മത്സരമായിരുന്നു എഡ്ജ്ബാസ്റ്റണില്‍ നടന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ഈ മത്സരത്തില്‍ ബുംറയാണ് ഇന്ത്യയെ നയിച്ചത്.

കപില്‍ ദേവിന് ശേഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കുന്ന ആദ്യ പേസ് ബൗളറായാണ് ബുംറ ചരിത്രമെഴുതിയത്.

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഇതിഹാസ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ പഞ്ഞിക്കിട്ട് മറ്റൊരു റെക്കോഡും ബുംറ തന്റെ പേരില്‍ കുറിച്ചിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. 35 റണ്‍സാണ് ബ്രോഡിന്റെ ഒറ്റ ഓവറില്‍ നിന്ന് മാത്രം ബുംറ അടിച്ചെടുത്തത്.

4, 4W, 6NB, 4, 4, 4, 6, 1 എന്നിങ്ങനെയാണ് ബ്രോഡിന്റെ ഓവറില്‍ റണ്‍സ് പിറന്നത്.

എന്നാല്‍ ഈ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ മാത്രം ബുംറക്ക് സാധിച്ചില്ല. അഞ്ചാം ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പരമ്പര സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുമ്പ് 2-1 എന്ന നിലയില്‍ ഇന്ത്യക്ക് ലീഡ് ഉണ്ടായിരുന്നു. രണ്ട് മത്സരത്തില്‍ ഇന്ത്യയും ഒരു മത്സരത്തില്‍ ഇംഗ്ലണ്ടും വിജയിച്ചപ്പോള്‍ ശേഷിക്കുന്ന മത്സരം സമനിലയിലും പിരിഞ്ഞു.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിച്ചാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ജോണി ബെയര്‍സ്‌റ്റോ മറുവശത്ത് നിന്നും ആഞ്ഞടിച്ചതോടെ 2-2ന് ഇംഗ്ലണ്ട് വിജയിക്കുകയും രമ്പര സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തു.

സ്‌കോര്‍

ഇന്ത്യ: 416 & 245

ഇംഗ്ലണ്ട്: 284 & 378/3 (T:378)

 

Also Read: തുടക്കം ഗംഭീരം! ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ തേരോട്ടം തുടങ്ങി

 

Also Read: സ്പെയ്നിനെതിരെയുള്ള കളിക്ക് ശേഷം അദ്ദേഹത്തെ ഞങ്ങൾ ഫുട്‍ബോളിൽ നിന്നും വിരമിപ്പിക്കും: ജോസേലു

 

Also Read: ലോകകപ്പിന് പിന്നാലെ ജഡേജയെക്കാള്‍ മികച്ച ഓള്‍ റൗണ്ടറായി വിരാട്!!! ഐ.സി.സി റാങ്കിങ്ങില്‍ ജഡ്ഡുവിനേക്കാള്‍ മേലെ

 

 

Content highlight: 2 Years of Jasprit Bumrah’s historic record