വിരാടവിജയം, ഇത്രയും ത്രില്ലിങ്ങാവാന്‍ ഒരു സിനിമക്കും സാധിക്കില്ല; ഒരു ഇന്ത്യക്കാരനും മറക്കാന്‍ സാധിക്കാത്ത ദിവസം
Sports News
വിരാടവിജയം, ഇത്രയും ത്രില്ലിങ്ങാവാന്‍ ഒരു സിനിമക്കും സാധിക്കില്ല; ഒരു ഇന്ത്യക്കാരനും മറക്കാന്‍ സാധിക്കാത്ത ദിവസം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd October 2024, 11:23 am

2022 ഒക്ടോബര്‍ 23, ഈ ദിവസം ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും തന്റെ ജീവിതത്തില്‍ മറക്കില്ല. 2022 ടി-20 ലോകകപ്പില്‍ മെല്‍ബണില്‍ നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ ചിറകിലേറി ഇന്ത്യ വിജയത്തിലേക്ക് പറന്നിറങ്ങിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്.

വമ്പന്‍ തോല്‍വിയില്‍ നിന്നും വിരാട് കോഹ്‌ലി എന്ന അതികായന്റെ ചെറുത്തുനില്‍പിലാണ് ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്. അവസാന പന്ത് വരെ ആവേശം തിങ്ങി നിന്ന മത്സരത്തില്‍ അശ്വിന്റെ സിംഗിളില്‍ ഇന്ത്യ പാകിസ്ഥാന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തെറിയുകയായിരുന്നു. ഒരു സിംഗിള്‍ ഇത്രത്തോളം മനോഹരമാകുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നുവോ!

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഷാന്‍ മസൂദിന്റെയും ഇഫ്തിഖര്‍ അഹമ്മദിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് സ്വന്തമാക്കി.

തങ്ങളുടെ മറ്റൊരു ഹോം ഗ്രൗണ്ടെന്ന് പാകിസ്ഥാന്‍ വിശേഷിപ്പിച്ച മെല്‍ബണില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കയറിയപ്പോള്‍ തന്നെ രോഹിത് ശര്‍മയും കെ.എല്‍. രാഹുലും തിരിച്ചുനടന്നു. നാല് റണ്‍സ് വീതമാണ് ഇരുവരും സ്വന്തമാക്കിയത്.

ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് പത്ത് പന്തില്‍ 15 റണ്‍സും അക്‌സര്‍ പട്ടേല്‍ മൂന്ന് പന്തില്‍ രണ്ട് റണ്‍സും നേടി മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ വിരാടിനൊപ്പം ചേര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 31ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 144ലാണ്.

അവസാന ഓവറിലെ ആദ്യ പന്തിലാണ് ഹര്‍ദിക്കിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായത്. ശേഷം ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ക്കും.

മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അവസാന ഓവര്‍ വരെ ഇന്ത്യക്കും പാകിസ്ഥാനും തുല്യസാധ്യതയായിരുന്നു കല്‍പിച്ചിരുന്നത്.

19.1: 20ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ ക്യാമ്പിന് ഞെട്ടലുണ്ടാക്കിയാണ് ഹര്‍ദിക് പുറത്തായത്. 37 പന്തില്‍ നിന്നും 40 റണ്‍സ് നേടിയ പാണ്ഡ്യയെ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ കൈകളിലെത്തിച്ച് നവാസ് മടക്കി. സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പിനും ഇതോടെ അന്ത്യമായി.

പാണ്ഡ്യക്ക് ശേഷം ഫിനിഷറായ ദിനേഷ് കാര്‍ത്തിക് ക്രീസിലേക്ക്.

19.2: സിഗിള്‍ നേടി ദിനേഷ് കാര്‍ത്തിക് സ്ട്രൈക്ക് വിരാടിന് കൈമാറി. ആ നിമിഷം ജയിക്കാന്‍ വേണ്ടത് നാല് പന്തില്‍ 15 റണ്‍സ്.

19.3: ഡബിള്‍ ഓടിയെടുത്ത് വിരാട് സ്ട്രൈക്ക് നിലനിര്‍ത്തി.

19.4: വിരാടിന്റെ ബാറ്റില്‍ നിന്നും ഒരു പടുകൂറ്റന്‍ സിക്സര്‍. ബൗണ്ടറി റോപ്പിനടുത്ത് വെച്ച് ഫീല്‍ഡര്‍ ഉയര്‍ന്നുചാടി ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പാഴാവുകയായിരുന്നു.

പാകിസ്ഥാന്റെ നെഞ്ചില്‍ വീണ്ടും ഇടിത്തീ വെട്ടി ആ പന്ത് അമ്പയര്‍ നോ ബോള്‍ വിളിച്ചു. ഇന്ത്യക്ക് ഫ്രീ ഹിറ്റും ലഭിച്ചു.

19.4: ഫ്രീ ഹിറ്റ് ഡെലിവറി വൈഡ് ആയി. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് പന്തില്‍ നിന്നും അഞ്ച് റണ്‍സ്

19.4: ഫ്രീ ഹിറ്റ് ഡെലിവറി തുടരുന്നു. മൂന്ന് റണ്‍സ് ബൈ ആയി ഇന്ത്യയുടെ അക്കൗണ്ടിലേക്ക്.

19.5: ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കി നവാസിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്. വമ്പനടിക്ക് ശ്രമിച്ച ദിനേഷ് കാര്‍ത്തിക്കിന് പിഴക്കുകയും റിസ്വാന്‍ ദിനേഷ് കാര്‍ത്തിക്കിനെ സ്റ്റംപ് ചെയ്യുകയുമായിരുന്നു.

അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. ആര്‍. അശ്വിന്‍ ക്രീസിലേക്ക്.

19.6: ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കിയ അതേ തന്ത്രം നവാസ് അശ്വിനെതിരെയും പ്രയോഗിക്കുന്നു. എന്നാല്‍ അശ്വിന്റെ ക്രിക്കറ്റ് ബ്രെയ്‌നിനെ അളക്കാന്‍ നവാസിന്റെ പ്രതിഭ പോരാതെ വന്നു. ആ പന്തിനെ വൈഡ് ആകാന്‍ അശ്വിന്‍ അനുവദിച്ചു. സ്‌കോര്‍ ടൈ.

19.6: ജയിക്കാന്‍ ഒറ്റ റണ്‍സ് മാത്രം ലക്ഷ്യം വെച്ച് അശ്വിന്റെ സിംഗിള്‍. അവസാന പന്തില്‍ നേടിയ സിംഗിളിലൂടെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

ഒമ്പത് ഡെലിവറികള്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സും രണ്ട് വിക്കറ്റുമാണ് പിറന്നത്.

അവസാന ഓവര്‍: W, 1, 2, 7NB, 1WD, 3B, W, 1WD,1

മത്സരത്തില്‍ 52 പന്ത് നേരിട്ട വിരാട് 82 റണ്‍സുമായി പുറത്താകാതെ നിന്നു.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സെന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന പ്രകടനമായിരുന്നു അത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ നേടിയ ആദ്യ സെഞ്ച്വറിയേക്കാളും സച്ചിന്റെ ഏകദിനെ സെഞ്ച്വറികളുടെ റെക്കോഡ് മറികടന്ന പ്രകടനത്തേക്കാളും മോശം ഫോമിന്റെ പടുകുഴിയില്‍ നിന്നും തിരിച്ചുവരവ് നടത്തിയ കരിയറിലെ ഏക ടി-20 സെഞ്ച്വറിയേക്കാളും മൂല്യം ഈ 82 റണ്‍സിനുണ്ട്.

അതെ വിരാട് ഇന്ത്യയെ ജയിപ്പിച്ച് ഇന്നേക്ക് രണ്ട് വര്‍ഷം…

 

 

 

 

 

 

 

 

Content highlight: 2 years of India’s historic win against Pakistan