| Tuesday, 20th August 2019, 11:28 am

400 പേര്‍ക്ക് ഉപയോഗിക്കാന്‍ 2 ടോയ്‌ലറ്റ് മാത്രം; ചേരി സന്ദര്‍ശനത്തിനിടെ ഞെട്ടി മമത; വകുപ്പ് മന്ത്രിയോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രീയ അടവുകള്‍ മാറ്റുകയാണ് തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമത ബാനര്‍ജിയും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കാണുകയാണ് സര്‍ക്കാര്‍.

ഇതിന്റെ ഭാഗമായി ‘ദീദി കേ ബോലോ’ എന്ന പരിപാടി തന്നെ സര്‍ക്കാര്‍ നടപ്പില്‍ വരുത്തി കഴിഞ്ഞു. പരിപാടിയുടെ ഭാഗമായി ഹൗറയിലെ ചേരികളില്‍ നേരിട്ടെത്തി ആളുകളെ കാണുകയായിരുന്നു മമത. ചേരികളിലെ ചെറിയ കുടിലുകള്‍ക്ക് മുന്നിലൂടെ നടന്ന് ഓരോരുത്തരും അവിടെ നേരിടുന്ന പ്രശ്‌നങ്ങള്‍ മമത നേരിട്ട് ചോദിച്ചറിഞ്ഞു.

ഇതിനിടെ വാര്‍ഡ് 29 ല്‍ 400 ഓളം ആളുകള്‍ താമസിക്കുന്ന പുരാണബസ്തില്‍ രണ്ട് ടോയ്‌ലറ്റുകള്‍ മാത്രമാണ് ഉള്ളതെന്ന് ചിലര്‍ മമതയോട് പറഞ്ഞു

ഇതോടെ യാത്ര അവസാനിപ്പിച്ച മമത ഉടന്‍ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് യോഗം വിളിക്കുകയായിരുന്നു. നഗരവികസന മുനിസിപ്പില്‍ കാര്യമന്ത്രി ഫിര്‍ഹാദ് ഹാക്കിമിനോടായിരുന്നു മമത വിശദീകരണം ചോദിച്ചത്.

” നിങ്ങളുടെ ഡിപാര്‍ട്‌മെന്റ് മറുപടി പറഞ്ഞേ തീരൂ.. ഞാന്‍ ഇവിടെയുള്ള ഒരു ചേരി സന്ദര്‍ശിച്ചു. നാന്നൂറോളം കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്. രണ്ട് ടോയിലറ്റും ബാത്ത്‌റൂമും മാത്രം. എന്തുകൊണ്ടാണിങ്ങനെ? ചേരികളുടെ വികസനത്തിനായി നമ്മള്‍ പണം അനുവദിച്ചിട്ടുണ്ട്. ഇപ്പോഴും അനുവദിക്കുന്നുണ്ട്. ആരാണ് ഇവിടുത്തെ കൗണ്‍സിലര്‍? എന്താണ് അദ്ദേഹം ചെയ്യുന്നത്.? – എന്നായിരുന്നു മന്ത്രിയോടുള്ള മമതയുടെ ചോദ്യം.

എന്നാല്‍ മമതയുടെ ഈ ചോദ്യത്തോടെ അവിടെയാകെ നിശബ്ദത പരന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ കൗണ്‍സിലര്‍ 2017 ജൂണ്‍ മുതല്‍ ഒരു കൊലക്കേസില്‍ അറസ്റ്റിലാണെന്നായിരുന്നു മമതയ്ക്ക് ലഭിച്ച മറുപടി.

ഇതോടെ മുഖ്യമന്ത്രി രോഷാകുലയായി. ഏതെങ്കിലും കേസില്‍പ്പെട്ട് കൗണ്‍സിലര്‍ ജയിലിലായെന്ന് കരുതി ജനങ്ങള്‍ എന്ത് പിഴച്ചുവെന്നായിരുന്നു മമതയുടെ മറുചോദ്യം.

‘കൗണ്‍സിലര്‍ ഇവിടെ ഇല്ലെങ്കിലും മുനസിപ്പാലിറ്റി ഇവിടെ തന്നെ ഉണ്ടല്ലോ’ എന്നും മമത തിരിച്ചടിച്ചു. മുനിസിപ്പാലിറ്റി ഇപ്പോഴും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കീഴില്‍ അല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്തുകൊണ്ടാണ് നിങ്ങളാരും ഈ അവസ്ഥ കാണാത്തത്? എന്റെ ചോദ്യം നിങ്ങളോടാണ്.. ഏഴ് ദിവസത്തിനുള്ളില്‍ ഇവിടുത്തെ എല്ലാ ചേരികളും സന്ദര്‍ശിച്ച് അവര്‍ നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങളും എന്റെ മുന്നില്‍ വെക്കണം. – മമത ആവശ്യപ്പെട്ടു.

കുറച്ചധികം ബാത്ത്‌റൂമുകള്‍ അവര്‍ക്ക് ലഭ്യമാക്കുന്നതിന് എന്തായിരുന്നു തടസ്സം? അഞ്ചോ ആറോ ടോയ്‌ലെറ്റുകളെങ്കിലും. 400 പേര്‍ക്ക് രണ്ട് ബാത്ത്‌റൂമുകള്‍. നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കൂ. നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കാണ് ഈ അവസ്ഥയെങ്കില്‍, നിങ്ങള്‍ അത് പരിഹരിക്കില്ലേ? സിവിക് ബോഡി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കീഴിലാണ്. എത്രയും പെട്ടെന്ന് പ്രവര്‍ത്തനം ആരംഭിക്കണം- മമത പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹൗറ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍ അത് നടക്കാത്ത സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ്.

Latest Stories

We use cookies to give you the best possible experience. Learn more