India
ബീഫ് കടത്താരോപിച്ച് ഹരിയാനയില്‍ രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം: അക്രമികള്‍ക്കെതിരെ കേസില്ല; ഇരകളെ അറസ്റ്റ് ചെയ്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 27, 08:14 am
Thursday, 27th June 2019, 1:44 pm

 

ഗുരുഗ്രാം: ബീഫ് കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. ഗുരുഗ്രാമിലെ സോഹ്ന റോഡില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

പല്‍വാല്‍ ജില്ലയില്‍ നിന്നുള്ള ഷാദില്‍ അഹമ്മദ്, തയ്യിദ് എന്നിവരാണ് മര്‍ദ്ദനത്തിന് ഇരയായത്.

ഗോരക്ഷാ പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. യുവാക്കളെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് റോഷ്തക് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു.

ഇവര്‍ക്കെതിരെ ബീഫ് കടത്തിയെന്നാരോപിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

യുവാക്കളില്‍ നിന്നും രണ്ട് വാഹനങ്ങളില്‍ മാംസം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാംസത്തിന്റെ സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

‘ ഗോഹത്യാ നിരോധന നിയമപ്രകാരം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇറച്ചിയുടെ സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഫോറന്‍സിക് പരിശോധനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരും’ എ.സി.പി ഷംസീര്‍ സിങ് പറഞ്ഞു.