2022ലെ ഖത്തര്‍ ലോകകപ്പില്‍ ഏറ്റവുമധികം കിരീട സാധ്യത കല്‍പിക്കുന്ന ടീമാണ് അര്‍ജന്റീന. കോപ്പാ അമേരിക്കയും ഫൈനലിസീമയും നേടിയ അര്‍ജന്റീന അടുത്തതായി ലക്ഷ്യം വെക്കുന്നത് ലോകകിരീടം തന്നെയാണ്.
2019ലെ കോപ്പാ അമേരിക്ക ലൂസേഴ്സ് ഫൈനലിന് ശേഷം ലയണല്‍ സ്‌കലോണിയുടെ കുട്ടികള്‍ തോല്‍വിയറിഞ്ഞിട്ടില്ല. അതിന് ശേഷം കളിച്ച 35 മത്സരത്തില്‍ ഒന്നില്‍പോലും തോല്‍വിയെന്തെന്ന് അറിയാതെയാണ് മെസിയും സംഘവും ഖത്തറിലേക്ക് കുതിക്കുന്നത്.
മെസി എന്ന പടനായകന്‍ തന്നെയാണ് അര്‍ജന്റീനയുടെ കരുത്ത്. മുന്നില്‍ നിന്നും നയിക്കാന്‍ മെസിയുണ്ടെങ്കില്‍ തങ്ങള്‍ക്ക് എന്തും നേടാനാവും എന്ന വിശ്വാസമാണ് അര്‍ജന്റൈന്‍ ടീം തുടര്‍ച്ചയായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ മെസിയെ കാത്ത് രണ്ട് റെക്കോഡുകളും ഒരുങ്ങിയിരിപ്പുണ്ട്. ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണയുടെ പേരിലുള്ള റെക്കോഡുകളാണ് തകര്‍ക്കപ്പെടാന്‍ കാത്തിരിക്കുന്നത്.
അര്‍ജന്റീനക്കായി ലോകകപ്പില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡാണ് അതിലൊന്ന്. ലോകകപ്പില്‍ അര്‍ജന്റീനക്കായി 19 മത്സരങ്ങളിലാണ് നാപ്പോളി ലെജന്‍ഡ് ബൂട്ടണിഞ്ഞിട്ടുള്ളത്. അതായത് മെസിയേക്കാള്‍ രണ്ട് മത്സരങ്ങള്‍ അധികം.
ലോകകപ്പിന് മുമ്പ് പരിക്കേറ്റ് പിന്മാറേണ്ടി വരികയോ മറ്റോ സംഭവിച്ചില്ല എങ്കില്‍ ഗ്രൂപ്പ് ഘട്ട മത്സരം കഴിയുമ്പോഴേക്കും മറഡോണയെ മറികടന്ന് ഈ റെക്കോഡ് സ്വന്തമാക്കാന്‍ മെസിക്ക് സാധിക്കും.
അസിസ്റ്റുകളുടെ എണ്ണത്തിലെ റെക്കോഡുകളാണ് അടുത്തത്. ലോകകപ്പിലൊന്നാകെ എട്ട് അസിസ്റ്റുകള്‍ സ്വന്തമാക്കിയ മറഡോണയെ മറികടക്കാന്‍ ഇനി മെസിക്കാവശ്യം നാല് അസിസ്റ്റുകള്‍ മാത്രമാണ്.
പി.എസ്.ജിയില്‍ തന്റെ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുന്ന മെസി ഈ റെക്കോഡും തകര്‍ക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഒന്നടങ്കം ഉറച്ചുവിശ്വസിക്കുന്നത്.
ഒരുപക്ഷേ 2022ലേത് മെസിയുടെ അവസാന ലോകകപ്പായേക്കും. അതിനാല്‍ തന്നെ ഈ റെക്കോഡുകള്‍ തകര്‍ക്കുന്നതിനേക്കാള്‍ ടീമിന് കിരീടം നേടിക്കൊടുക്കാന്‍ സാധ്യമായതെന്തോ അതെല്ലാം ചെയ്യുകയാവും മെസിയുടെ ലക്ഷ്യം.
ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നിവരാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകള്‍.