| Saturday, 6th July 2019, 12:29 pm

'നീതി ലഭിച്ചില്ലെങ്കില്‍ ദയാവധത്തിന് വിധേയരാക്കണം'; രാഷ്ട്രപതിക്ക് സ്വന്തം ചോരയില്‍ കത്തെഴുതി പെണ്‍കുട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോഗ: തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ രണ്ട് പെണ്‍കുട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സ്വന്തം ചോരയില്‍ കത്തെഴുതി. തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത് വ്യാജക്കേസുകളാണെന്നും തങ്ങള്‍ ഭയപ്പാടോടെയാണു ജീവിക്കുന്നതെന്നും അവര്‍ കത്തില്‍ പറയുന്നു.

നീതി ലഭിച്ചില്ലെങ്കില്‍ തങ്ങളുടെ കുടുംബത്തെ ദയാവധത്തിനു വിധേയരാക്കണമെന്നും മോഗ സ്വദേശികളായ പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു.

‘വിസാ തട്ടിപ്പും വഞ്ചനയുമാണ് ഞങ്ങള്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍. ഐ.പി.സി 420-ന്റെ കീഴിലാണ് അവ വരിക. ഞങ്ങള്‍ കബളിപ്പിക്കപ്പെട്ടതാണെന്നും അതന്വേഷിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും അവരതു ചെവിക്കൊണ്ടിട്ടില്ല.’-പെണ്‍കുട്ടികള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

ഇവരുന്നയിച്ച ആരോപണം മോഗ പൊലീസ് ഉദ്യോഗസ്ഥന്‍ കുല്‍ജീന്ദര്‍ സിങ് തള്ളി. ഇവര്‍ക്കെതിരെ ക്രിമിനല്‍ക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മകനെ വിദേശത്തയക്കാനായി ഇവര്‍ക്ക് പണം നല്‍കിയെന്നും എന്നാല്‍ വഞ്ചിക്കപ്പെട്ടുവെന്നുമാണ് ഒരാള്‍ ഇവര്‍ക്കെതിരെ നല്‍കിയ പരാതി. സെക്യൂരിറ്റിയായി നല്‍കിയ ചെക്ക് സംബന്ധിച്ചാണ് മറ്റൊരു കേസ്.

രാഷ്ട്രപതിക്കു കത്ത് നല്‍കിയതായി താന്‍ അറിഞ്ഞെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികവിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കേസ് ഉടന്‍ അന്വേഷിച്ചുതീര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more