ഇസ്‌ലാമാബാദ്: പാകിസ്താനിലെ അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള ഗോത്ര മേഖലയില്‍ പോളിയോ നല്‍കാനെത്തിയ ഏഴംഗ സംഘത്തിനു നേരെ നടന്ന തീവ്രവാദ ആക്രമണത്തില്‍ രണ്ട് പോളിയോ പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത തീവ്രവാദസംഘം മൂന്നു പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട രണ്ടു പ്രവര്‍ത്തകര്‍, ഗലാനയിലെ തുള്ളിമരുന്നു വിതരണ കേന്ദ്രത്തിലെത്തി വിവരം അറിയിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ മാസം കറാച്ചിയിലെ ഒരു സ്‌കൂളില്‍ പോളിയോ നല്‍കാനെത്തിയ പ്രവര്‍ത്തകരെ സ്‌കൂള്‍ അധികാരികള്‍ തന്നെ ആക്രമിച്ചിരുന്നു.
Also Read: ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ ആധുനിക ഇന്ത്യയിലെ കൗരവര്‍; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
പോളിയോ വിതരണ തൊഴിലാളികള്‍ക്കു നേരെ പാകിസ്താനില്‍ ആക്രമണങ്ങള്‍ വ്യാപകമാണ്. കറാച്ചിയില്‍ മുന്‍പ് ഒരു വനിതാ ആരോഗ്യ പ്രവര്‍ത്തകക്കു നേരെയും ആക്രമമുണ്ടായിരുന്നു. മുസ്‌ലീങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് വാക്‌സിനേഷന്‍ എന്ന് തീവ്രവാദസംഘടനകള്‍ ഇവിടങ്ങളില്‍ പ്രബോധനം നടത്തിയിരുന്നു. ഇനിയും പോളിയോയില്‍ നിന്നും മുക്തിനേടിയിട്ടില്ലാത്ത ഏതാനും രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് പാകിസ്താന്‍.