| Thursday, 29th November 2018, 12:17 pm

പുര്‍ണതൃപ്തി തരാതെ ചിട്ടിയുടെ രണ്ടാം വരവ്

ശംഭു ദേവ്

“”ഈ ലോകം മനുഷ്യര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല”” എന്ന പരസ്യ വാചകത്തിലായിരുന്നു ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായ 2.0വിന്റെ പോസ്റ്റര്‍ പുറത്ത് വന്നിരുന്നത്, ചിത്രം വിരല്‍ ചൂണ്ടുന്നതും ഈ വാചകത്തിനുള്ളിലെ ആശയത്തിലേക്ക് തന്നെയാണ്. എന്തിരന്‍ എന്ന ചിത്രം രജനികാന്ത് എന്ന നടന്റെ തിരശീലയിലെ മികവാര്‍ന്ന സാന്നിദ്ധ്യം കൊണ്ടും ശങ്കര്‍ എന്ന സംവിധായകന്‍ തന്റെ സാങ്കേതികതയില്‍ പുലര്‍ത്തിയ നിലവാരം കൊണ്ടും സമ്പന്നമായ ചിത്രമായിരുന്നു.

അതുകൊണ്ട് തന്നെ ആദേഹത്തിന്റെ തന്നെ സ്വപ്ന ചിത്രമെന്ന മുഖമുദ്രയില്‍, ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കമുള്ള ചിത്രമായി “”എന്തിരന്‍”” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി 2.0 എന്ന ചിത്രം അറിയിച്ചത് മുതല്‍ പ്രേക്ഷര്‍ക്ക് നല്‍കിയ പ്രതീക്ഷകള്‍ വാനോളമായിരുന്നു.

ചിത്രം തുടങ്ങുന്നത് ഒരു നഗരത്തില്‍ നടക്കുന്ന അസ്വാഭാവികമായ ചില സംഭവങ്ങളില്‍ നിന്നാണ് (ട്രെയ്‌ലറുകളില്‍ പരമാര്‍ശിക്കുന്ന പോലെ) അസ്വാഭാവികമായ പ്രതിസന്ധിക്ക് പുറകിലെ അസ്വാഭാവികമായ ശക്തിയെ മറികടക്കുവാനുള്ള ദൗത്യം ഡോക്ടര്‍ വസീകരനെ ഏല്‍പ്പിക്കുന്നു, അത് സഫലീകരിക്കുവാന്‍ അദ്ദേഹം ചിട്ടി എന്ന റോബോട്ടിനെ തിരികെ കൊണ്ടുവരുന്നിടത്ത് വികസിക്കുന്നതാണ് ആദ്യ പകുതി.

ആദ്യ പകുതി 3D യിലെ ദൃശ്യ വിസ്മയങ്ങളില്‍ ത്രസ്സിപ്പിച്ചു, ചിട്ടി എന്ന റോബോട്ടിന്റെ തിരിച്ചുവരവുകള്‍ ആകാംഷ തോന്നും വിധത്തില്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സാധിച്ചപ്പോള്‍. രണ്ടാം പകുതിയില്‍ കഥയിലെ കാര്യ കാരണങ്ങളിലേക്കും, പ്രസക്തമായ ഒരു പ്രമേയത്തിലേക്കും കഥ സഞ്ചരിക്കുന്നു.

അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന പ്രതിനായകന്റെ കഥയിലും കഥാപാത്രത്തിനും ഏറെ സാധ്യത നിലനിന്നപ്പോള്‍, അവയെ വേണ്ട രീതിയില്‍ ആവിഷ്‌കരിക്കുവാന്‍ സംവിധായകന് രണ്ടാം പകുതിയില്‍ സാധിച്ചില്ല.

മാര്‍വെല്‍ യൂണിവേര്‍സിലെ സൂപ്പര്‍ ഹീറോ യുദ്ധങ്ങള്‍ കണ്ട് രസിക്കുന്ന പ്രേക്ഷകര്‍ക്ക് പോലും കൈയ്യടിച്ചു ആസ്വദിക്കുവാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും, പാളിച്ചകള്‍ പറ്റിയ അവതരണ ശൈലിയില്‍ കാമ്പുള്ള വില്ലനെയും, ആകാംഷ ഉണര്‍ത്തുന്ന പോരാട്ടങ്ങളും ആവിഷ്‌കരിക്കുവാന്‍ സാധ്യതകള്‍ ഏറെ ആയിരുന്നു. ചിത്രം ദൃശ്യ വിസ്മയങ്ങളാല്‍ സമ്പന്നമാണ്, ചിത്രത്തെ ഒരു വട്ടം കാണാവുന്ന നിലയിലേക്ക് സാങ്കേതിക മികവുകള്‍ തുണച്ച് നില്‍ക്കുന്നുമുണ്ട്.

പ്രകടനത്തില്‍ അക്ഷയ് കുമാറിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടതും, എന്നാല്‍ ഉപയോഗപ്പെടുത്താത്തതും ആയി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടേക്കാം. രജ്‌നി കാന്തിന്റെ പ്രകടനം പിന്നോട്ട് പോകുന്നതല്ല, എന്നിരുന്നാലും കാലയിലും, കബാലിയിലും രജനികാന്ത് എന്ന നടന്റെ അസാധ്യമെന്ന് തോന്നിക്കുന്ന വിധത്തിലുള്ള സ്‌ക്രീന്‍ പ്രസെന്‍സ് 2.0 പ്രതീക്ഷിക്കരുത്. എമി ജാക്‌സണ് സിനിമയില്‍ ചെയ്യുവാന്‍ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ചിത്രം എത്തുമ്പോഴും, അന്താരാഷ്ട്ര നിലവാരത്തിലേക്ക് പിടിച്ചുയര്‍ത്താനുള്ള പ്രമേയവും, സാങ്കേതികതയും ഉണ്ടായിരുന്നു ചിത്രത്തില്‍ അവയെല്ലാം ഉപയോഗപ്രദമാക്കാനുള്ള തിരക്കഥയുടെ പാളിച്ചകള്‍ പ്രേക്ഷകനെ മുഷിപ്പിച്ചേക്കാം. എന്നാല്‍ 3D യിലുള്ള ദൃശ്യ വിസ്മയങ്ങള്‍ ഇത്തരം പോരായ്മകള്‍ മറയ്ക്കുന്നുണ്ട്.

അക്ഷയ് കുമാറിന്റെ സീനുകളിലെ പശ്ചാത്തല സംഗീതം ചിലയിടങ്ങളില്‍ മികച്ചു എന്നിരുന്നാലും എ. ആര്‍ റഹ്മാന്റെ സംഗീതം ചിത്രത്തിന് കാര്യമായ പിന്തുണയൊന്നും നല്‍കിയിട്ടില്ല.

ഗ്രാഫിക്‌സുകള്‍ക്കും അപ്പുറം നീരവ് ഷായുടെ ഛായാഗ്രഹണം എടുത്തു പറയേണ്ടതായി അനുഭവപ്പെട്ടില്ല. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ സംവിധാനം മികച്ചതായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മികവ് കാര്യമായി ഉപയോഗിക്കാന്‍ ഉണ്ടായിരുന്നോ എന്നത് ചോദ്യമാണ്.

ചിത്രം മുന്നോട്ട് വെക്കുന്ന ആശയം നാം അടക്കമുള്ള പ്രേക്ഷകരെ ചിന്തിപ്പികുന്നതാണ്, സാങ്കേതിക മികവ് നിറഞ്ഞു നില്‍ക്കുന്ന ഒരു സിനിമയെന്ന നിലയില്‍ പ്രേക്ഷകന് എന്തായാലും നഷ്ടമാകില്ല 2.0 എങ്കിലും എന്തിരന്‍ എന്ന ആദ്യ ഭാഗത്തോളം പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ 2.0ക്ക് കഴിഞ്ഞോ എന്നത് സംശയമാണ്.

ശംഭു ദേവ്

We use cookies to give you the best possible experience. Learn more