കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ടു പേര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചു കൊണ്ട് വിദേശത്തേക്ക് പോയി. ചൈനയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളാണ് വിദേശത്തേക്ക് പോയത്.
ഇവരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതേ സമയം വിദേശത്തേക്ക് പോയ രണ്ട് പേര്‍ക്കും കൊറോണ വൈറസ് ബാധയേറ്റതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.
ചൈനയില്‍ നിന്നും തിരിച്ചു വന്നവരില്‍ അറുപത് പേരാണ് കോഴിക്കോട് നഗര പരിധിയിലുള്ളത്. ഇവരില്‍ 58 പേരും ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. നേരത്തെ ചൈനയില്‍ നിന്നും എത്തുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. കൊറോണ ബാധിത സ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഒരു മാസത്തെ നിരീക്ഷണ സമയമാണ് നിര്‍ദ്ദേശിച്ചിരുന്നത്.
കേരളത്തില്‍ ഇതുവരെ 3 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നെത്തിയ ആലപ്പുഴ, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇതിനിടെ ചൈനയ്ക്ക് പുറത്ത് കൊറോണ മൂലം മരണപ്പെട്ടവരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. ഹോങ്കോങിലാണ് ഏറ്റവും ഒടുവിലായി മരണം റിപ്പോര്‍ട്ട് ചെയ്തത്.
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കി.
തിങ്കളാഴ്ച പുതുതായി 64 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയത് തിങ്കളാഴ്ചയായിരുന്നു. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഇപ്പോള്‍ 20,438 ആയി.