| Wednesday, 31st December 2014, 8:24 am

കപ്പലിലെ തീ പിടുത്തം: രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് നാവികര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏതന്‍സ്: ഡ്രിയാറ്റിക്ക് കടലില്‍ തീ പിടിച്ച നോര്‍മന്‍ അറ്റ്‌ലാന്റിക് കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് നാവികര്‍ മരിച്ചു. തീ പിടിച്ചിരുന്ന കപ്പല്‍ മറ്റൊരു കപ്പല്‍ ഉപയോഗിച്ച് തീരത്തേക്ക് കൊണ്ടുവരുന്നിനിടെ നങ്കൂരച്ചങ്ങല പൊട്ടി ദേഹത്ത് വീണതിനെത്തുടര്‍ന്നാണ് ഇവരുടെ മരണം.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. അല്‍ബേനിയക്കാരായ നാവികരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തെക്കുറിച്ച് ഇറ്റലി അന്വേഷണം ആരംഭിച്ചു. കപ്പലിന് തീ പിടിച്ചതിനെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ കടലില്‍ ചാടിയവര്‍ ഉള്‍പ്പെടെ 10 പേര്‍ നേരത്തെ മരിച്ചിരുന്നു.

ഞായറാഴ്ചയാണ് 422 യാത്രക്കാരും 56 ജീവനക്കാരുമായി ഗ്രീസില്‍ നിന്ന് ഇറ്റലിയിലെ അങ്കോണയിലേക്ക് പോവുകയായിരുന്ന നോര്‍ത്തമന്‍ അറ്റ്‌ലാന്റിക് എന്ന കപ്പലിന് തീപ്പിടിച്ചത്. കപ്പലില്‍ നിന്ന് 400 ഓളം പേരെ രക്ഷപ്പെടുത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഇറ്റലിയും ഗ്രീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രതികൂല കാലവസ്ഥയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് തടസം സൃഷ്ടിക്കുന്നത്. അശാന്തമായ കടലും കാറ്റും പുകയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു.

40 യാത്രക്കാരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കപ്പലിലെ യാത്രക്കാരില്‍ 268 പേര്‍ ഗ്രീക്കുകാരാണ്, ഇവരെ കൂടാതെ തുര്‍ക്കി, ഇറ്റലി, അല്‍ബേനിയ ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. ജീവനക്കാരില്‍ 22 പേര്‍ ഇറ്റലിക്കാരും 34 പേര്‍ ഗ്രീക്കുകാരുമാണ്.

Latest Stories

We use cookies to give you the best possible experience. Learn more