'ഇസ്‌ലാമിക നിയമപ്രകാരം ഇത് നിലനില്‍ക്കില്ല' വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പൊരുതാനുറച്ച് രണ്ട് മുസ്‌ലിം യുവതികള്‍
India
'ഇസ്‌ലാമിക നിയമപ്രകാരം ഇത് നിലനില്‍ക്കില്ല' വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പൊരുതാനുറച്ച് രണ്ട് മുസ്‌ലിം യുവതികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th March 2017, 10:54 am

ഹൈദരാബാദ്: വാട്‌സ്ആപ്പിലൂടെ വിവാഹമോചനം നടത്തിയ ഭര്‍ത്താക്കന്മാരുടെ നടപടിയ്‌ക്കെതിരെ പൊരുതാനുറച്ച് ഹൈദരാബാദ് സ്വദേശികളായ രണ്ട് മുസ്‌ലിം വനിതകള്‍. ഇസ്‌ലാമിക് നിയമപ്രകാരം ഇത് നിലനില്‍ക്കില്ലെന്നു പറഞ്ഞാണ് ഇവര്‍ രംഗത്തെത്തിയത്.

ഹൈദരാബാദ് സ്വദേശികളായ ഹീന ഫാത്തിമ, ബഹ്‌റൈന്‍ നൂര്‍ എന്നിവരാണ് ഭര്‍ത്താക്കന്മാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

“എല്ലാദിവസവും അദ്ദേഹം കുട്ടികളെ കാണണമെന്നും അവരെന്ത് ചെയ്യുകയാണെന്നും ചോദിക്കും. പെട്ടെന്ന് അദ്ദേഹം തലാഖ് ചൊല്ലി. ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം എന്നോട് പറയണം. എന്താണ് എന്റെ പ്രശ്‌നമെന്ന്.” സെയ്ദ് ഫയാസുദ്ദീന്‍ ആറുമാസം മുമ്പ് തലാഖ് ചൊല്ലി ഉപേക്ഷിച്ച ഫാത്തിമ ചോദിക്കുന്നു.

രണ്ടു പെണ്‍കുട്ടികളുടെ അമ്മകൂടിയായ ഫാത്തിമയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കുകയായിരുന്നു.


Also Read: ‘മനുഷ്യനെ ചാക്കില്‍ക്കെട്ടി തല്ലിച്ചതച്ചു കൊല്ലുന്നത് പൈശാചികമാണ്’ ട്രാന്‍സ്‌ജെന്റേഴ്‌സിനെ കൊലപ്പെടുത്തിയ സൗദിയ്‌ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ 


സെയ്ദ് ഫയാസുദ്ദീന്‍ സഹോദരന്‍ ഉസ്മാന്‍ ഖുറൈഷിയാണ് ബഹ്‌റൈന്‍ നൂറിനെ വിവാഹം ചെയ്തത്. കുറച്ചുമാസങ്ങള്‍ക്കു മുമ്പ് യു.എസിലേക്കു പോയ ഖുറൈഷി ഫെബ്രുവരി ആദ്യം വാട്‌സ് ആപ്പ് വഴി മുത്തലാഖ് ചൊല്ലി നൂറിനെ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ നിന്നും പുറത്തിറക്കിയതോടെയാണ് നൂര്‍ പരാതിയുമായി രംഗത്തെത്തിയത്.

മുത്തലാഖിന്റെ സാധുത സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിശാലബെഞ്ചിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ കേസുകള്‍ വന്നിരിക്കുന്നത്.

യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താക്കന്മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.