'ഇത് ദല്‍ഹിയാണെന്ന് വിചാരിച്ചോ?' ഉത്തര്‍പ്രദേശില്‍ രണ്ട് മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം
national news
'ഇത് ദല്‍ഹിയാണെന്ന് വിചാരിച്ചോ?' ഉത്തര്‍പ്രദേശില്‍ രണ്ട് മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th March 2020, 10:18 am

ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ രണ്ട് മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ആക്രമണം. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ രണ്ട് പേരെയാണ് ഒരു സംഘം മര്‍ദ്ദിച്ചത്. ഒപ്പം പശുവിനെ കൊല്ലുന്നവരാണെന്ന് ആരോപിച്ച് മതപരമായി അധിക്ഷേപിച്ച് സംസാരിച്ച അക്രമസംഘം ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായുംമര്‍ദ്ദനത്തിനിരയായവര്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് സംഭവം. വ്യാഴാഴ്ച ഇരുവരെയും ഒരു സംഘമാളുകള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഏഴോളമാളുകള്‍ ഇരുവരെയും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മര്‍ദ്ദനത്തിനിടയില്‍ സഹോദരാ എന്ന് വിളിച്ച് ഇരുവരും വെറുതെ വിടാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. സംഭവ സ്ഥലത്തിനിടുത്തായി കുറച്ചു പേര്‍ ബൈക്കില്‍ ഇരുന്നു കൊണ്ട് മര്‍ദ്ദനം വീക്ഷിക്കുന്നതും കാണാം. ആരാണ് വീഡിയോ എടുത്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

‘കാരറ്റ് വാങ്ങാന്‍ വേണ്ടി മാര്‍ക്കറ്റിലേക്ക് പോയതാണ് ഞങ്ങള്‍. നിങ്ങള്‍ക്ക് കടയില്‍ ചോദിക്കാം. അവര്‍ (അക്രമികള്‍) ഞങ്ങളുടെ മുമ്പില്‍ ബൈക്ക് നിര്‍ത്തുകയും ഞങ്ങളെ പിടിച്ചു വലിച്ചു കൊണ്ടു പോവുകയായിരുന്നു. അവര്‍ ആറോ ഏഴോ പേരുണ്ടായിയിരുന്നു. നിങ്ങളിത് ദല്‍ഹിയാണെന്ന് വിചാരിച്ചോ എന്ന് അവര്‍ ചോദിച്ചു’ അക്രമണത്തിനിരയായവരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചങ്ങലകളും ആയുധങ്ങളുമായി മറ്റ് ആക്രമികള്‍ കാത്തു നില്‍ക്കുന്നിടത്തേക്കാണ് ഇവരെ വലിച്ചു കൊണ്ടു പോയത്. ‘ ഞങ്ങള്‍ക്ക് ദല്‍ഹി സംഘര്‍ഷവുമായി ഒരു ബന്ധവുമില്ല. നമ്മളെല്ലാവരും സഹോദരീ സഹോദരന്‍മാരന്‍മാണ്,’ അക്രമത്തിനിരയായാള്‍ പറഞ്ഞു.

എന്നാല്‍ കേസില്‍ കൃത്യമായ നടപടികള്‍ പൊലീസ് സ്വീകരിച്ചില്ല എന്ന ആരോപണമുണ്ട്. സംഭവം രണ്ടുകൂട്ടരുടെ ‘തമ്മിലടി’യാണെന്നാണ് ബുലന്ദ്ഷര്‍ പൊലിസ് പറയുന്നത്. കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ആക്രമണത്തിനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല.