| Sunday, 15th March 2020, 7:02 pm

കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊവിഡ്-19; ഇന്ന് സ്ഥിരീകരിച്ചത് രണ്ടു പേര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. വിദേശ പരിശീലനം കഴിഞ്ഞ് വന്ന ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ഇദ്ദേഹം.  ഇന്ന് സ്ഥിരീകരിച്ച രണ്ടാമത്തെ പോസിറ്റീവ് കേസാണിത്. നേരത്തെ ഒരു ബ്രിട്ടീഷ് പൗരനും സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി.

വീടുകളിലെ നിരീക്ഷണം ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരും ജനമൈത്രി പൊലീസും നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിദേശ പൗരന്മാര്‍ അധികം ഇനി വരില്ലെന്ന പ്രതീക്ഷിക്കുന്നെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ട്രെയിനുകളിലും ചെക്പോസ്റ്റുകളിലും തീരുമാനിച്ച് പരിശോധന നടത്തും. അതേ സമയം ട്രെയിനില്‍ പരിശോധന നടത്താന്‍ പരിമിതിയുണ്ടെന്നും കെ.കെ ഷൈലജ വ്യക്തമാക്കി. കൊവിഡ് ബാധിച്ചതു കൊണ്ട് സാധാരണ ജീവിത പ്രവര്‍ത്തികളൊന്നും നിര്‍ത്തിവെക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

‘ബസില്‍ പോകുന്നതോ, ജോലിക്ക് പോകുന്നതോ ഒന്നും നിര്‍ത്തി വെക്കേണ്ടതില്ല. ചിലയിടങ്ങളിലങ്ങനെ കണ്ടു. വൈറസ് ബാധയുള്ളവരുമായി ബന്ധമുള്ള വരെയും രോഗലക്ഷണങ്ങളുള്ളവെരയും മാറ്റി നിര്‍ത്തുക. അതാണ് ചെയ്യാന്‍ സാധിക്കുക,’ ആരോഗ്യമന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

10,944 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 10655 പേര്‍ വീടുകളില്‍ നരീക്ഷണത്തിലാണ്. 259 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുമാണ്.

We use cookies to give you the best possible experience. Learn more