| Thursday, 20th January 2022, 12:58 pm

സ്വന്തം തട്ടകത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി റായ്ബറേലി എം.എല്‍.എ; ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്ബറേലി: തെരഞ്ഞെടുപ്പ് വെറും മൂന്നാഴ്ച മാത്രം അകലെ നില്‍ക്കെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി.

കോണ്‍ഗ്രസ് തട്ടകമായ റായ്ബറേലിയില്‍ നിന്നുള്ള എം.എല്‍.എ അതിഥി സിംഗ് ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ നിന്നുള്ള എം.എല്‍.എ അതിഥി സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തന്റെ രാജിക്കത്ത് അതിഥി സോണിയ ഗാന്ധിക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് രാജിക്കത്ത് നല്‍കിയത്.

രണ്ട് മാസം മുമ്പ് തന്നെ, 2021 നവംബറില്‍, അതിഥി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. രാജിക്കത്ത് നല്‍കിയതിലൂടെ തന്റെ പാര്‍ട്ടിമാറ്റം ഔദ്യോഗികമാക്കിയിരിക്കുകയാണ് അതിഥി.

പാര്‍ട്ടി വിടുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അതിഥി നിരന്തരം വിമര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി അംഗം എന്ന നിലയിലും എം.എല്‍.എ എന്ന നിലയിലും താന്‍ രാജിവെക്കുന്നതായി പറഞ്ഞ് രണ്ട് വ്യത്യസ്ത രാജിക്കത്തുകള്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും യു.പി നിയമസഭാ സ്പീക്കര്‍ക്കും അതിഥി അയച്ചിട്ടുണ്ട്.

ഇതിന്റെ പകര്‍പ്പുകള്‍ തന്റെ ട്വിറ്റര്‍ പേജ് വഴിയും പങ്കുവെച്ചിട്ടുണ്ട്.

ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അതിഥി നേരത്തെ ചര്‍ച്ച നടത്തുകയും യോദിയെ പരസ്യമായി പിന്തുണക്കുകയും ചെയ്തിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളില്‍ അതിഥി നേരത്തെ ബി.ജെ.പിയുടെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 2 months after joining BJP, Uttar Pradesh MLA Aditi Singh sends resignation letter to Sonia Gandhi, will contest in BJP ticket

We use cookies to give you the best possible experience. Learn more