| Monday, 2nd November 2020, 7:52 pm

ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കില്ല; അജിത് ജോഗിയുടെ പാര്‍ട്ടിയിലെ രണ്ട് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡിന്റെ (ജെ) രണ്ട് എം.എല്‍.എമാര്‍. ജെ.സി.സി (ജെ) എം.എല്‍.എമാരായ ദേവ്രാത് സിംഗ്, പ്രമോദ് ശര്‍മ്മ എന്നിവരാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ബി.ജെ.പിയെ പിന്തുണയ്ക്കാനുള്ള അമിത് ജോഗിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് നല്‍കുമെന്നും ഇരുവരും പറഞ്ഞു. ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും വിമത എം.എല്‍.എമാര്‍ പറഞ്ഞു.

പാര്‍ട്ടി സ്ഥാപകനേതാവും സിറ്റിംഗ് എം.എല്‍.എയുമായിരുന്ന അജിത് ജോഗിയുടെ മരണത്തിന് പിന്നാലെയാണ് മര്‍വാഹി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

സംസ്ഥാനത്ത് മൂന്നാം കക്ഷിയ്ക്കുള്ള സാധ്യത അജിത് ജോഗിയുടെ മരണത്തോടെ ഇല്ലാതായെന്ന് വിമത എം.എല്‍.എമാര്‍ പറഞ്ഞു. അമിത് ജോഗി ഏകപക്ഷീയമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

90 അംഗ നിയമസഭയില്‍ ജെ.സി.സിയ്ക്ക് നാല് എം.എല്‍.എമാരാണുള്ളത്. 20 വര്‍ഷത്തിനിടെ ആദ്യമായി ജോഗി കുടുംബത്തിലെ ആരും മത്സര രംഗത്തില്ലാത്ത തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് മാര്‍വാഹി.

ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ജോഗിയുടെ മരണം. നവംബര്‍ 3 നാണ് ഇവിടെ തെരഞ്ഞെടുപ്പ്.

എന്നാല്‍ അച്ഛന്റെ മണ്ഡലത്തില്‍ മത്സരിക്കാനുള്ള അമിത് ജോഗിയുടെ ശ്രമം നടന്നിരുന്നില്ല. ഒക്ടോബര്‍ 19 ന് അദ്ദേഹത്തിന്റെ നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു. അമിത് ജോഗി ഗോത്ര വിഭാഗത്തില്‍പ്പെടുന്ന ആളല്ലെന്ന ഉന്നതാധികാര സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു പത്രിക തള്ളിയത്.

ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്ന സീറ്റിലേക്ക് അജിത് ജോഗിയുടെ ഭാര്യ റിച്ച ജോഗിയും നാമനിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇതേ കാരണത്താല്‍ ഇവരുടെ പത്രികയും തള്ളിയിരുന്നു. ഇതോടെ ബി.ജെ.പിയും ഭരണകക്ഷിയായ കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത്.

അതേസമയം മത്സരരംഗത്തില്ലെങ്കിലും മാര്‍വാഹിയില്‍ ക്യാമ്പ് ചെയ്യുകയാണ് അമിത് ജോഗി.

2000 ല്‍ ഛത്തീസ്ഗഡ് രൂപീകരിച്ചതുമുതല്‍ ഈ മണ്ഡലം അജിത് ജോഗിയുടെ സ്വന്തം തട്ടകമായിരുന്നു. 2001 ല്‍ മാര്‍വാഹിയില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച അദ്ദേഹം സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി. 2003 ലും 2008 ലും അദ്ദേഹം സീറ്റ് നിലനിര്‍ത്തി. 2013 ല്‍ അമിത് ജോഗിയും അവിടെ വിജയിച്ചു.

കോണ്‍ഗ്രസ് വിട്ട് രണ്ട് വര്‍ഷത്തിന് ശേഷം സ്വന്തം പാര്‍ട്ടി രൂപീകരിച്ച് അജിത് ജോഗി 2018 ല്‍ വീണ്ടും മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. അഞ്ച് സീറ്റുകളും അന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി സ്വന്തമാക്കി. സഖ്യകക്ഷിയായ ബഹുജന്‍ സമാജ് പാര്‍ട്ടി രണ്ട് സീറ്റുകളും നേടിയിരുന്നു.

മെഡിക്കല്‍ സര്‍ജനായ ഗംഭീര്‍ സിങ്ങിനെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്. അതേസമയം മാര്‍വാഹിയില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ച ഡോ. കൃഷന്‍ കുമാര്‍ ധ്രുവിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 2 MLAs of Ajith Jogi’s party defy leadership, back Congress in bypoll

We use cookies to give you the best possible experience. Learn more