Daily News
ദല്‍ഹിയില്‍ രണ്ട് പിഞ്ചുകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു: കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Oct 17, 05:39 am
Saturday, 17th October 2015, 11:09 am

child-01ന്യൂദല്‍ഹി: ദല്‍ഹിയില്‍ വ്യത്യസ്ത ഇടങ്ങളിലായി രണ്ടു പിഞ്ചുകുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായി. ഇരുവരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടരവയസുള്ള കുട്ടിയും അഞ്ചുവയസുകാരിയുമാണ് പീഡനത്തിന് ഇരയായത്. ദല്‍ഹിയിലെ കേശവപുരത്തുനിന്നുള്ള നാലു വയസുള്ള ബാലിക ബലാത്സംഗത്തിനിരയായ സംഭവത്തിനു ഒരാഴ്ച പിന്നിടുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.

വെസ്റ്റ് ദല്‍ഹിയില്‍ നഗ്ലോയി മേഖലയിലെ രണ്ടര വയസുകാരിയാണ് ബലാത്സംഗത്തിനിരയായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. മുത്തശ്ശിക്കൊപ്പം വീട്ടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. മെയില്‍ റോഡിലേക്ക് ഓടിയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ മുത്തശ്ശി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അടുത്തുള്ള പാര്‍ക്കില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ അയല്‍ക്കാരാണ് കണ്ടെത്തിയത്. അമിതമായി രക്തംവാര്‍ന്ന നിലയിലായിരുന്നു കുട്ടി.

മറ്റൊരു സംഭവത്തില്‍ ഈസ്റ്റ് ദല്‍ഹിയിലെ ആനന്ദ് വിഹാര്‍ മേഖലയിലെ അഞ്ചു വയസുകാരിയാണ് ബലാത്സംഗത്തിനിരയായത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരന്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു.